ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്‌സിന്റെ സുരക്ഷയും ഫല പ്രാപ്തിയും വിലയിരുത്താന്‍ മനുഷ്യരില്‍ നടത്തിയ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങള്‍ ആശാവഹമെന്ന് റിപ്പോര്‍ട്ട്. രണ്ടം ഘട്ട പരീക്ഷണം അടുത്ത മാസം നടക്കും. നിലവില്‍ 12 കേന്ദ്രങ്ങളിലായി ആദ്യ ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത നിര്‍ദ്ദിഷ്ട വാക്‌സിന്‍ ആണ് പ്രതീക്ഷയുണര്‍ത്തി പരീക്ഷണ ഘട്ടങ്ങള്‍ കടക്കുന്നത്.ഡല്‍ഹി എയിംസ് ഒഴികെയുള്ള 11 കേന്ദ്രങ്ങളില്‍ വാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്.
കോവാക്‌സിന്‍ സുരക്ഷിതമാണെന്ന നിഗമനമാണ് ഹരിയാനയിലെ റോഹ്തകില്‍ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സവിത വര്‍മ പ്രകടമാക്കിയത്. വാക്‌സിന്‍ സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരില്‍ പ്രതികൂല സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിനായി 100 പേരെയായിരുന്നു എയിംസ് തീരുമാനിച്ചിരുന്നത്. 12 കേന്ദ്രങ്ങളിലായി ഒന്നാം ഘട്ടത്തില്‍ 375 പേരെ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തിലെ പരീക്ഷണ ഫലം ക്രോഡീകരിച്ചു സമര്‍പ്പിച്ചശേഷം വാക്‌സിന്റെ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം സെപ്തംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് എയിംസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി. ആരോഗ്യമുള്ള 55 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. ആദ്യത്തെ കുത്തിവയ്പിന് ശേഷം രണ്ട് പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, മരുന്നുകളൊന്നും നല്‍കാതെ തന്നെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു.- പരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine