News & Views

ഒമാന് പിന്നാലെ ന്യൂസിലന്‍ഡും, സ്വതന്ത്ര വ്യാപാര കരാറില്‍ ധാരണ; ഇന്ത്യക്കാര്‍ക്ക് കുടിയേറ്റം എളുപ്പമായേക്കും

നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് സുപ്രധാന കരാര്‍ പ്രഖ്യാപിച്ചത്

Dhanam News Desk

ഒന്‍പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യ. കഴിഞ്ഞ ദിവസം ഒമാനുമായും സമാനമായ കരാറിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ന്യൂസിലന്‍ഡിലേക്ക് ഇനി താരിഫ് ബാധ്യതകളില്ലാതെ കയറ്റുമതി നടത്താന്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കഴിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് സുപ്രധാന കരാര്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ ലക്‌സണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വെറും ഒന്‍പത് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാറിലെത്താന്‍ സാധിച്ചത് നേട്ടമായി.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്ന് ന്യൂസിലന്‍ഡ് സമ്മതിച്ചിട്ടുണ്ട്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാന്‍ കരാര്‍ വഴിയൊരുക്കും. ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍.

നിലവില്‍ 1.1 ബില്യണ്‍ ഡോളറുള്ള ന്യൂസിലന്‍ഡ് കയറ്റുമതി വരും ദശകങ്ങളില്‍ പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

നേട്ടം ഏതൊക്കെ മേഖലകളില്‍

ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ടെക്‌സ്റ്റൈല്‍, അപ്പാരല്‍, ലെതര്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയ്ക്ക് ന്യൂസിലന്‍ഡ് മാര്‍ക്കറ്റിലേക്ക് തീരുവകളൊന്നുമില്ലാതെ ചെന്നെത്താന്‍ കരാര്‍ സഹായിക്കും.

തീരുവയില്‍ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി നടത്തുന്ന മറ്റ് രാജ്യങ്ങളുമായി മത്സരിച്ച് വിപണി മേധാവിത്വം ഉറപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ കരാര്‍ ഉപകാരപ്പെടും. ജനസംഖ്യ കുറവുള്ള രാജ്യമാണെങ്കിലും സാമ്പത്തികമായി മുന്‍പന്തിയിലാണ് ന്യൂസിലന്‍ഡ്.

ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ തീരുവയില്‍ നിയന്ത്രണം തുടരും. കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡിലേക്കുള്ള വിപണി പ്രവേശനം ലഭിക്കുകയും ചെയ്യും.

2045ഓടെ ന്യൂസിലന്‍ഡില്‍ 2.5 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഒഴിവിലേക്ക് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും.

India signs Free Trade Agreement with New Zealand boosting exports, investments, and easing immigration

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT