ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാര്‍ തുറമുഖത്തിനു മേലുള്ള ഉപരോധം നീക്കി യുഎസ്. മധ്യേഷ്യയില്‍ നിര്‍ണായക സ്ഥാനമുള്ള ഇറാനിലെ ഈ തുറമുഖം ഇന്ത്യയ്ക്ക് മേഖലയില്‍ നല്കുന്ന മേധാവിത്വം വളരെ വലുതാണ്. പ്രത്യേകിച്ച് പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. പാക്കിസ്ഥാന്‍ ഭൂപ്രദേശങ്ങളെ മറികടക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് അഫ്ഗാന്‍ മണ്ണിലേക്കുള്ള പാതയൊരുക്കുന്നതാണ് ചബഹാര്‍ തുറമുഖം.
ഈ റൂട്ടിലൂടെ യൂറോപ്പിലേക്കും മിഡില്‍ ഏഷ്യയിലെ തന്ത്രപ്രധാന വാണിജ്യ രാജ്യങ്ങളിലേക്കും വാണിജ്യബന്ധം സ്ഥാപിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. പാക്കിസ്ഥാനുമായി മോശം ബന്ധത്തിലുള്ള അഫ്ഗാനെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്നതാണ് ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ ചബഹാറിന്റെ പ്രസക്തി.
ഇറാന്റെ മേല്‍ യുഎസ് ഉപരോധം കടുപ്പിച്ചപ്പോഴും ഇന്ത്യയുടെ നിര്‍ബന്ധത്തിനു മുന്നില്‍ ചബഹാറിന് ഇളവ് നല്കാനുള്ള യുഎസിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കമായും വ്യാഖ്യാനിക്കാം. ഇളവ് വരുന്നതോടെ ഇന്ത്യ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന് കീഴിലുള്ള ഈ തുറമുഖത്തിന്റെ വികസനവുമായി മുന്നോട്ട് പോകാം.
പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ കൂടുതല്‍ അടുത്തിരുന്നു. അഫ്ഗാനിലേക്കുള്ള ചരക്കുനീക്കം ചബഹാറിലൂടെ നടത്താനും ഇന്ത്യയ്ക്ക്. പാക് അധീന ഭൂമേഖല സ്പര്‍ശിക്കുകയും വേണ്ട. ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായി വലിയ നേട്ടമാണിത്.
ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താനും ഇന്ത്യയ്ക്ക് ഈ തുറമുഖം ഉപകരിക്കും. 2024ലാണ് പത്തുവര്‍ഷത്തെ കരാറില്‍ ഇന്ത്യ ഈ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം സ്വന്തമാക്കുന്നത്. 2003 മുതല്‍ ചര്‍ച്ചയിലായിരുന്ന പദ്ധതിക്ക് വേഗം വന്നത് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനത്തോടെയായിരുന്നു. യൂറോപ്പിലേക്കുള്ള കപ്പല്‍ യാത്രയില്‍ 20 ദിവസം ലാഭിക്കാന്‍ ഈ റൂട്ട് സഹായിക്കും. ചെലവില്‍ 30 ശതമാനത്തിന്റെ ലാഭവും ഉണ്ടാകും.
ചബഹാര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത് തടയാന്‍ പാക്കിസ്ഥാന്‍ പലകുറി ശ്രമിച്ചിരുന്നു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഗുണം ചെയ്തു. അടുത്ത കാലത്ത് ട്രംപ് ഭരണകൂടവുമായി കൂടുതലടുത്ത പാക് ഭരണകൂടം ഉപരോധം നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതാണ് അതും നടന്നില്ല. ഫലത്തില്‍ പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്.
വാണിജ്യ നീക്കത്തിന് അഫ്ഗാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് പാക്കിസ്ഥാനിലെ ഗ്വാധര്‍ തുറമുഖത്തെയാണ്. പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായതോടെ അവരുമായുള്ള ബന്ധം പരമാവധി കുറയ്ക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്. ചാബഹാറിലേക്ക് മാറുന്നത് ഗ്വാധര്‍ തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാകും. ചാബഹാര്‍ തുറമുഖവും ഗ്വാധറിലെ പാക് തുറമുഖവും തമ്മില്‍ കടല്‍മാര്‍ഗം വെറും 214 കിലോമീറ്റര്‍ മാത്രമാണ് അകലമുള്ളത്. ഗ്വാധറിന്റെ പ്രസക്തി തന്നെ ചോദ്യംചെയ്യാന്‍ ചബഹാറിന്റെ വളര്‍ച്ച വഴിയൊരുക്കും.
ചാബഹാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ ഗ്വാധറിന്റെ പ്രസക്തിയും ഇനിയും കുറയും. ഈ റൂട്ടില്‍ ചൈനയ്ക്ക് കൃത്യമായ മറുപടി നല്കാനും വാണിജ്യപരവും രാഷ്ട്രീയപരവുമായി മേധാവിത്വം നേടാനും ഇന്ത്യയ്ക്കാകും. മേഖലയിലെ രാജ്യങ്ങളെ ചൈനീസ് അനുകൂല മനോഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഇന്ത്യയ്ക്കൊപ്പം നിലനിര്‍ത്താനും ചബഹറിന് സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine