ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിസിന്‍, ഐ.ടി വികസനം, വ്യാവസായിക വികസനം എന്നീ മേഖലകളില്‍ ഉഭയകക്ഷി വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യ- സിയറ ലിയോണ്‍ വ്യാപാര സമ്മേളനം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഇന്ത്യ ആഫ്രിക്ക ട്രേഡ് കൗണ്‍സിലിന്റെ (ഐ.എ.ടി.സി) നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ പ്രതിനിധികള്‍ പങ്കെടുത്തു. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സിയറ ലിയോണിന്റെ ഇന്ത്യയിലെ ഹൈകമ്മീഷണര്‍ റാഷിദ് സെസായി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുമായി മികച്ച വ്യാപാരബന്ധമാണ് സിയറ ലിയോണിനുള്ളതെന്ന് റാഷിദ് സെസായി പറഞ്ഞു. വ്യവസായ മേഖലയില്‍ അനന്ത സാധ്യതകളാണ് സിയറ ലിയോണിലുള്ളത്. ഇവ ഇന്ത്യയിലെ വ്യാപാര സമൂഹത്തിനായി തുറന്നിടുകയാണ്. വ്യാപാര ബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമ്പത്തിക മാനേജ്മെന്റ് കമ്പനിയായ ഫിനോവെസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ ശങ്കറിനെ ഇന്ത്യ-ആഫ്രിക്ക ട്രേഡ് കൗണ്‍സിലിന്റെ ഓണററി ട്രേഡ് കമ്മീഷണറായി നിയമിച്ചു.
സിയറ ലിയോണുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019-20 കാലയളവില്‍ 139.86 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 1,200 കോടി രൂപ) വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയത്. മരുന്നുകള്‍, പ്ലാസ്റ്റിക്കുകള്‍, അരി (ബസുമതി ഉള്‍പ്പെടാത്തത്), വ്യാവസായിക യന്ത്രങ്ങള്‍ എന്നിവയാണ് ഇന്ത്യ പ്രധാനമായും സിയറ ലിയോണിലേക്ക് കയറ്റുമതി ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine