കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് വിദേശത്ത് നിന്നുള്ള വരുമാനം. ഇതിലെ വലിയൊരു ശതമാനമെത്തുന്നതും കൂടുതല്‍ മലയാളികള്‍ പണിയെടുക്കുന്നതും ഗള്‍ഫ് നാടുകളിലാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യത കുറഞ്ഞെന്നും വലിയ അവസരങ്ങള്‍ ഇനി ലഭിക്കില്ലെന്നും പറയുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. മുന്‍കാലങ്ങളില്‍ മലയാളി ചെയ്തിരുന്ന തൊഴില്‍ മേഖലകള്‍ മാറിയെന്നതാണ് സത്യം. അതുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ കുറയുമോ?
ഡിജിറ്റല്‍, അനലിറ്റിക്കല്‍, കമ്യൂണിക്കേഷന്‍ മേഖലയില്‍ പ്രാഗത്ഭ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ അവസരമെന്ന് റിപ്പോര്‍ട്ട്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ തുടരുന്നതിനിടെയാണ് വീബോക്‌സ് ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് 2025 പുറത്തുവന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങളും ഏതൊക്കെ മേഖലയിലാണ് നല്ല ജോലി കിട്ടാന്‍ സാധ്യതയെന്നും പരിശോധിക്കാം.
ഡിജിറ്റല്‍, വൈജ്ഞാനിക (knowledge) മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകളെയാണ് യു.എ.ഇക്ക് ആവശ്യം. ഡാറ്റ അനലറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സെബര്‍ സുരക്ഷ, എ.ഐ തുടങ്ങിയ മേഖലകളാണ് മുന്നില്‍ നില്‍ക്കുന്നത്. സാങ്കേതിക പരിജ്ഞാനത്തിന് പുറമെ ബിസിനസ് കമ്യൂണിക്കേഷന്‍, സാംസ്‌കാരികപരമായ പൊരുത്തപ്പെടുത്തല്‍, റിമോട്ട്-വര്‍ക്ക് കാര്യക്ഷമത എന്നിവ സംയോജിപ്പിക്കാന്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നത്. എ.ഡബ്ല്യു.എസ്, മൈക്രോസോഫ്റ്റ് അഷര്‍ (Azure), സിസ്‌കോ തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളിലെ സര്‍ട്ടിഫിക്കേഷനുകള്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇയില്‍ ജോലി നേടാന്‍ സഹായകമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിവുപോലെ ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കും മികച്ച സാധ്യതയാണ് യു.എ.ഇയിലുള്ളത്.
നിയോം (NEOM), ദി ലൈന്‍, റെഡ് സീ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയ പദ്ധതികള്‍ ഇന്ത്യക്കാരായ എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ സാധ്യത കൂടുതലാണ്. ഓട്ടോമഷന്‍, റോബോട്ടിക്‌സ്, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ വിദഗ്ധന്മാര്‍ക്കും സാധ്യതയുണ്ട്. സൗദി അറേബ്യയിലെ തൊഴില്‍ വിപണിയില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് വലിയ സ്വാധീനമുണ്ട്. സൂപ്പര്‍വൈസറി, മിഡ് മാനേജ്‌മെന്റ് റോളുകളില്‍ അവസരങ്ങള്‍ വര്‍ധിക്കും. രാജ്യത്ത് ദീര്‍ഘകാലത്തേക്ക് തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം, സുരക്ഷാ സര്‍ട്ടിഫിക്കേഷന്‍, പ്രൊജക്ട് മാനേജ്‌മെന്റ് പരിചയം എന്നീ യോഗ്യതയുള്ളത് മികച്ചതാകുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് പരാതിപ്പെടുന്നവരുണ്ട്. എന്നാല്‍ ലോകകപ്പിന് ശേഷം ഓട്ടോമേഷന്‍, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്കാണ് ഖത്തറിന്റെ നോട്ടം. റോബോട്ടിക്‌സ്, ഐ.ഒ.ടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ സാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ട് അടിവരയിടുന്നു. സാങ്കേതിക വൈദഗ്ധ്യത്തോടൊപ്പം പ്രവര്‍ത്തന പരിചയവും അഡ്വാന്‍സ്ഡ് അനലിറ്റിക്സ് കഴിവുകളുമുള്ള എഞ്ചിനീയര്‍മാരെ കമ്പനികള്‍ക്ക് ഇപ്പോഴും ആവശ്യമുണ്ട്.
- എഞ്ചിനീയറിംഗ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന യോഗ്യതയുണ്ടാവണം. ഒപ്പം ഡിജിറ്റല്‍ രംഗത്തും പുതിയ സാങ്കേതിക വിദ്യകളായ എ.ഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, സെബര്‍സുരക്ഷ എന്നിവയിലും പരിജ്ഞാനം വേണം.
-അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിരിക്കണം.
- പല രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ എത്തുന്നതിനാല്‍ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം അത്യാവശ്യമാണ്
- എല്ലാം മനപ്പാഠമാക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അനലിറ്റിക്കല്‍/ റീസണിംഗ് കഴിവുകള്‍ വളര്‍ത്തിയെടുക്കു. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും ഗള്‍ഫ് നാടുകളിലെ കമ്പനികള്‍ പരിശോധിക്കും.
- പ്രസന്റേഷന്‍, ടീം വര്‍ക്ക്, ലീഡര്‍ഷിപ്പ് തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളും പരിപോഷിപ്പിക്കണം.
Read DhanamOnline in English
Subscribe to Dhanam Magazine