വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് പാമോയില്‍ വില്പന കുതിച്ചുയര്‍ന്നിരുന്നു. മലേഷ്യയില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആവശ്യമായ പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴിതാ മറ്റ് രാജ്യങ്ങളില്‍ നിന്നും പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൊളംബിയ, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന് പാമോയില്‍ വാങ്ങാനാണ് പദ്ധതി.
ലോകത്ത് പാമോയില്‍ ഉത്പാദനത്തില്‍ നാലാംസ്ഥാനത്താണ് കൊളംബിയ. ഗ്വാട്ടിമാലയാകട്ടെ ആറാമതും. ഈ രാജ്യങ്ങളില്‍ ഉത്പാദനം ആവശ്യത്തേക്കാള്‍ അധികമാണ്. മുമ്പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും അധികമുള്ള പാമോയില്‍ വില്ക്കുകയായിരുന്നു ഈ രാജ്യങ്ങള്‍ ചെയ്തിരുന്നത്. ഇന്ത്യയ്ക്ക് വന്‍ ഡിസ്‌കൗണ്ടില്‍ പാമോയില്‍ നല്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഇക്കണോമിക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആഗോളതലത്തില്‍ പാമോയില്‍ വിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്നത് ഇന്തോനേഷ്യയും മലേഷ്യയും ആണ്. ഇന്ത്യയ്ക്ക് ആവശ്യമായ പാമോയിലിന്റെ സിംഹഭാഗവും വരുന്നത് മലേഷ്യയില്‍ നിന്നാണ്. 23-24 സാമ്പത്തികവര്‍ഷം 9 മില്യണ്‍ ടണ്‍ ആണ് മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള പാമോയിലിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയില്‍ ചരക്കെത്തിച്ചു നല്കാമെന്നാണ് ഇരുരാജ്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിന്ന് കടല്‍മാര്‍ഗം ചരക്കെത്തിക്കാന്‍ 45 ദിവസം ആവശ്യമാണ്. എന്നാല്‍ വലിയ ഡിസ്‌കൗണ്ട് നല്കുന്നതിനാല്‍ ഈ കാലതാമസം പ്രശ്‌നമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ കമ്പനികള്‍.
ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ ഉത്പാദനം 19.34 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 2.5 മില്യണ്‍ ടണ്‍ ഇന്ത്യയിലേക്കാണ്. മറ്റ് ഭക്ഷ്യഎണ്ണകളുടെ വില ഉയരുമ്പോള്‍ പാമോയില്‍ ഡിമാന്‍ഡ് കൂടുന്നതാണ് പതിവ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഗുണം ചെയ്തെങ്കിലും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള എണ്ണകളുടെ വില പിന്നീട് ഉയര്‍ന്നു. ഇതോടെ ഇറക്കുമതി നിയന്ത്രണം വെട്ടിക്കുറയ്ക്കുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine