News & Views

ഫണ്ടിംഗ് അര്‍ഹരായവര്‍ക്ക് മാത്രം! പൂട്ടിയത് 28,000 സ്റ്റാര്‍ട്ടപ്പുകള്‍, പുതിയതും കുറഞ്ഞു; ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചതെന്ത്?

നിലവില്‍ ഇന്ത്യയില്‍ 1.59 ലക്ഷത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്

Dhanam News Desk

ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 28,638 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. 2023ല്‍ 15,921 എണ്ണവും 2024ല്‍ 12,717 എണ്ണവുമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 2019-2022 കാലഘട്ടത്തില്‍ 2,300 കമ്പനികള്‍ക്ക് വീതമാണ് താഴ് വീണതെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 12 മടങ്ങായി വര്‍ധിച്ചു. ചില കമ്പനികള്‍ പാപ്പരായപ്പോള്‍ മറ്റ് ചിലതിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് കമ്പനികള്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബിസിനസ് ചെയ്യുമ്പോള്‍ ഫാന്‍സി ഐസ്‌ക്രീം കമ്പനിയെയാണ് ഇന്ത്യക്കാര്‍ സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കുന്നതെന്ന കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ പരാമര്‍ശത്തിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

പുതിയ സ്റ്റാര്‍ട്ടപ്പുകളും കുറഞ്ഞു

രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2024ല്‍ 5,264 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇക്കൊല്ലം ഇതുവരെ 125 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് തുടങ്ങാനായതെന്നും വിപണി നിരീക്ഷകരായ ട്രാക്ഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇപ്പോഴത്തെ പ്രവണത തിരിച്ചടിയല്ലെന്നും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്വയം തിരുത്തല്‍ ഘട്ടത്തിലേക്ക് കടന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

ഫണ്ടിംഗ് അര്‍ഹരായവര്‍ക്ക് മാത്രം

2016ല്‍ വെറും 502 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. പിന്നീട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാന പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ 2021-2022 കാലത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍തോതില്‍ ഫണ്ടിംഗ് ലഭിച്ചു. പല സ്റ്റാര്‍ട്ടപ്പുകളും അവരുടെ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതിന് മുമ്പേ ധനസഹായം നേടി. ശക്തമായ ആശയമോ ആവശ്യമോ ഇല്ലാത്തതിനാല്‍ പല കമ്പനികളും പരാജയപ്പെട്ടു. എന്നാല്‍ വിപണി കുറച്ചുകൂടി ജാഗ്രത പാലിക്കാന്‍ തുടങ്ങിയതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗും പരിമിതമായി. അര്‍ഹരായവര്‍ക്ക് മാത്രം ഫണ്ടിംഗ് മതിയെന്നാണ് നിക്ഷേപകരുടെ നിലപാട്. നിലവില്‍ 1.59 ലക്ഷം രജിസ്റ്റേര്‍ഡ് സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

തിരിച്ചടി ഈ മേഖലകളില്‍

അഗ്രിടെക്, ഫിന്‍ടെക്, എഡ്‌ടെക്, ഹെല്‍ത്ത്‌കെയര്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ഏറ്റവും കൂടുതല്‍ അടച്ചുപൂട്ടപ്പെട്ടത്. തുടക്കത്തില്‍ തന്നെ വലിയ ഫണ്ടിംഗ് ലഭിച്ചതാണ് പല കമ്പനികള്‍ക്കും വിനയായത്. പലര്‍ക്കും മതിയായ ഉപയോക്താക്കളെ കിട്ടാതെ വന്നതോടെ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയാത്ത ബിസിനസ് മോഡലുകളും പരാജയത്തിന് കാരണമായി.

ഇക്കൊല്ലം ഇതുവരെ 259 സ്റ്റാര്‍ട്ടപ്പുകളാണ് അടച്ചുപൂട്ടിയത്. ഇത് കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ കമ്പനികള്‍ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാന്‍ മടിക്കുകയാണ്. 2021ല്‍ 248 ഏറ്റെടുക്കലുകള്‍ ഉണ്ടായിരുന്നെങ്കില്‍, കഴിഞ്ഞ വര്‍ഷം അത് 131 ആയി കുറഞ്ഞു. ഏറ്റെടുക്കലിന് പകരം സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ വലിയ കമ്പനികള്‍ക്ക് താത്പര്യം. അതാകുമ്പോള്‍ റിസ്‌ക് കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മികച്ച ആശയങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സാധ്യതയാണെന്നും ഇവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT