Image Courtesy: x.com/narendramodi, www.muhammadyunus.org 
News & Views

ഇന്ത്യന്‍ മണ്ണില്‍ ഇനി നോ 'എന്‍ട്രി', ബംഗ്ലാദേശിന് അപ്രതീക്ഷിത പ്രഹരമായി കേന്ദ്ര നീക്കം!

മുഹമ്മദ് യൂനുസ് നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്

Dhanam News Desk

ഇന്ത്യയിലൂടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളങ്ങള്‍, തുറമുഖം എന്നിവയിലൂടെ ബംഗ്ലാദേശില്‍ നിന്നുള്ള ചരക്കുകളുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഇനി അനുവദിക്കില്ലെന്ന് കേന്ദ്ര റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്.

നിലവില്‍ ഇന്ത്യയിലെത്തിയ ചരക്കുകള്‍ക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്താം. ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും ഇന്ത്യന്‍ നീക്കം. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി അവര്‍ ഇന്ത്യന്‍ സൗകര്യങ്ങളാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.

ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ബംഗ്ലാദേശിന് തിരിച്ചടി നേരിടേണ്ടി വരും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് നടത്തിയ പ്രകോപനപരമായ പ്രസ്താവനയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ ബംഗാളിലെ സിലിഗുരി ഇടനാഴി പിടിക്കണമെന്ന തരത്തില്‍ ബംഗ്ലാദേശില്‍ പ്രചരണം നടക്കുന്നുണ്ട്. ഇതും പ്രകോപനത്തിന് കാരണമായി. മാത്രമല്ല സിലിഗുരിക്ക് സമീപം ചൈനീസ് സഹായത്താല്‍ വ്യോമതാവളം നവീകരിക്കാനും ബംഗ്ലാദേശ് പദ്ധതിയിടുന്നുണ്ട്.

ഇന്ത്യന്‍ മണ്ണിലൂടെ വേണ്ട

ബംഗ്ലാദേശിന്റെ തുടക്കകാലം മുതല്‍ ഇന്ത്യ അനുവദിച്ചിരുന്ന സൗകര്യമാണ് ഇപ്പോള്‍ എടുത്തു കളയുന്നത്. ഗാര്‍മെന്റ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യന്‍ മണ്ണ് അനുവദിച്ചതിന് പിന്നില്‍ നയതന്ത്ര തീരുമാനങ്ങളായിരുന്നു. എന്നാലിപ്പോള്‍ പാക്കിസ്ഥാനോടും ചൈനയോടും കൂറുകാണിക്കുന്ന പുതിയ ഭരണകൂടം വന്നതോടെയാണ് ഇന്ത്യ നിലപാട് മാറ്റിയത്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നത് കയറ്റുമതിക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. ഷിപ്പിംഗ് ചെലവ് കുറയ്ക്കാനും കയറ്റുമതി വേഗത്തിലാക്കാനും പുതിയ ഉത്തരവ് വഴി സാധിക്കുമെന്നാണ് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മിതിലേശ്വര്‍ താക്കൂര്‍ വ്യക്തമാക്കി.

India halts transshipment of Bangladeshi exports through its territory, impacting regional trade routes and diplomatic ties.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT