India-pak tension canva
News & Views

പാക് ഭീകര കേന്ദ്രങ്ങളില്‍ പ്രഹരം; പഹല്‍ഗാമിന് കണക്ക് ചോദിച്ച് ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി

തിരിച്ചടിച്ചത് ഇന്ന് പുലര്‍ച്ചെ 1.44 ന്; ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം; അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചു

Dhanam News Desk

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ക്രൂരതക്ക് കനത്ത മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തെരഞ്ഞുപിടിച്ച് ഇന്ത്യന്‍ സൈന്യം ഇന്ന് പുലര്‍ച്ചെ ആക്രമണം തുടങ്ങി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും പാക് അധീന കശ്മീരിലുമാണ് ശക്തമായ ആക്രമണം നടത്തിയത്. കര,നാവിക,വ്യോമസേനകള്‍ ചേര്‍ന്ന് സംയുക്തമായാണ് പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ബഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

നീതി നടപ്പാക്കിയെന്ന് കരസേന

'' നീതി നടപ്പാക്കി. ജയ്ഹിന്ദ്'

ഇന്ന് പുലര്‍ച്ചെ 1..44 ന് നടത്തിയ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ ആര്‍മി എക്‌സ് പേജില്‍ കുറച്ചു. ആക്രമണത്തെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണവും എക്‌സ് സന്ദേശത്തില്‍ ഉണ്ട്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ രഹസ്യമായി കണ്ടെത്തിയിരുന്നു. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്യിബ എന്നിവയുടെ കേന്ദ്രങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൈന്യം ലക്ഷ്യമിട്ട ഒമ്പത് കേന്ദ്രങ്ങളിലും ഭീകര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ സിന്ദൂര്‍

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കി, ഭീകരരുടെ താവളങ്ങളെ മാത്രം ആക്രമിക്കാന്‍ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സന്ദേശത്തില്‍ പറഞ്ഞു. ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പടെ 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയാണിതെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ വേരുകളറുക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സംഘര്‍ഷം വളരരുത് എന്ന ലക്ഷ്യത്തോടെ പാക് സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ആസൂത്രിത ആക്രമണമാണ് നടത്തിയിട്ടുള്ളത്. അനാവശ്യമായ പ്രകോപനം ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതിര്‍ത്തിയിലെ സംഭവ വികാസങ്ങളെ കുറിച്ച് വിശദമായ കാര്യങ്ങള്‍ വഴിയെ അറിയിക്കും- കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തിമാക്കി.

വിമാനത്താവളങ്ങള്‍ അടച്ചു

ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഏതാനും വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു, ശ്രീനഗര്‍,ലേ ,ജോധ്പൂര്‍,അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡിഗഡ്,രാജ്‌കോട്ട്, ധര്‍മശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ വിമാന കമ്പനികള്‍ അറിയിച്ചു. വിദേശ രാജ്യങ്ങളുടെ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമപാത ഒഴിവാക്കിയാണ് ഇന്നലെ രാത്രി മുതല്‍ പറക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT