News & Views

ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കേന്ദ്രം, തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാനും വിദേശ വിപണി കണ്ടെത്താനും സര്‍ക്കാര്‍ സഹായം നല്കിയേക്കും

ടെക്‌സ്റ്റൈല്‍, ജുവലറി, സമുദ്രോത്പന്നം തുടങ്ങിയ മേഖലകളെയാണ് കയറ്റുമതിയിലെ പ്രശ്‌നങ്ങള്‍ കൂടുതലായും ബാധിക്കുക. ഈ മേഖലയില്‍ യു.എസ് വിപണി മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് കമ്പനികളുണ്ട്

Dhanam News Desk

യു.എസുമായുള്ള തീരുവ യുദ്ധ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ ബാധിക്കാതെ രാജ്യത്തിന്റെ ഉത്പാദവും തൊഴില്‍ ശേഷിയും പുനക്രമീകരിക്കുകയാണ് ലക്ഷ്യം.

വ്യവസായ മേഖലയില്‍ തടസം സൃഷ്ടിക്കുന്ന നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനും കൂടുതല്‍ നിക്ഷേപം ചെറുകിട, ഇടത്തരം മേഖലയില്‍ കൊണ്ടുവരാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. കയറ്റുമതിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്നതിലെ അപകടം മറികടക്കാനായി വരും ദിവസങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്ന സൂചനകളും വരുന്നുണ്ട്.

പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂടും

വസ്തു രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനായി പ്രധാനപ്പെട്ട കരട് ബില്‍ അടുത്തിടെ പാര്‍ലെന്റ് പാസാക്കിയിരുന്നു. 1908ലെ രജിസ്‌ട്രേഷന്‍ നിയമത്തിന്റെ പരിഷ്‌കരണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ സ്വത്ത് രജിസ്‌ട്രേഷനും പ്രധാന രേഖകള്‍ ഡിജിറ്റലാക്കുകയുമാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.

വസ്തു രജിസ്‌ട്രേഷന്‍ വേഗത്തിലാക്കാന്‍ ഇതുവഴി സാധിക്കും. വ്യവസായങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് കുറയ്ക്കാനും പരിഷ്‌കരണത്തിലൂടെ സാധിക്കും.

വിപണി കണ്ടെത്തല്‍

രാജ്യത്തിന്റെ കയറ്റുമതി വരുമാനം വര്‍ധിപ്പിക്കാന്‍ വലിയ രീതിയില്‍ സര്‍ക്കാര്‍ സഹായം ആവശ്യമാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായം വര്‍ധിപ്പിക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വലിയ മാര്‍ക്കറ്റാണ് യു.എസ്. തീരുവ യുദ്ധം ഈ മാര്‍ക്കറ്റിലേക്കുള്ള വഴി അടയ്ക്കുമ്പോള്‍ പകരം മാര്‍ക്കറ്റുകളിലേക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകും.

തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കല്‍

ടെക്‌സ്റ്റൈല്‍, ജുവലറി, സമുദ്രോത്പന്നം തുടങ്ങിയ മേഖലകളെയാണ് കയറ്റുമതിയിലെ പ്രശ്‌നങ്ങള്‍ കൂടുതലായും ബാധിക്കുക. ഈ മേഖലയില്‍ യു.എസ് വിപണി മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് കമ്പനികളുണ്ട്. ഇവിടങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുമുണ്ട്. ഈ മേഖലകള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണ അനിവാര്യമായ ഘട്ടമാണിതെന്ന് കയറ്റുമതി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രം അടുത്തിടെ കൊണ്ടുവന്ന തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ വേഗം കൂട്ടാനും പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന്റെ പുരോഗതിയും കേന്ദ്രം സൂക്ഷ്മമമായി നിരീക്ഷിക്കും. യുഎസ് താരിഫ് നയങ്ങള്‍ ആഗോള എണ്ണവിലയെയും രൂപയെയും ബാധിക്കാനിടയുണ്ട്. ഇത്തരം പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ വേഗത കൂട്ടുമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT