News & Views

കുടുംബങ്ങളുടെ വരുമാനം അറിയാന്‍ കേന്ദ്രത്തിന്റെ സര്‍വേ അടുത്ത വര്‍ഷം; യു.എസ് മോഡല്‍ വിവര ശേഖരണത്തിന് പിന്നിലെന്ത്?

അന്താരാഷ്ട്ര നാണയനിധിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. സുര്‍ജിത് എസ്. ഭല്ല അധ്യക്ഷനായി സാങ്കേതിക വിദഗ്ധ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്

Dhanam News Desk

രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗാര്‍ഹിക വരുമാന സര്‍വേ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കും. വരുമാന വിതരണത്തിലെ അസമത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് ഉപകരിക്കുന്ന ഡേറ്റ ബാങ്ക് സൃഷ്ടിക്കുകയാണ് സര്‍വേയുടെ പ്രധാന ലക്ഷ്യമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള കുടുംബങ്ങളുടെ വരുമാനം, ചെലവ് രീതികള്‍, വരുമാന സ്രോതസുകള്‍ എന്നിവയെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കും. ഭാവിയില്‍ പുതിയ പദ്ധതികള്‍ തയാറാക്കുമ്പോള്‍ ഈ സര്‍വേ ഗുണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

വികസിത രാജ്യങ്ങളായ യുഎസും കാനഡയും ഇത്തരം സര്‍വേകള്‍ നടത്തുന്നുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ് പോലെ അവികസിത രാജ്യങ്ങളിലും ഗാര്‍ഹിക വരുമാന സര്‍വേ കൃത്യമായി നടത്താറുണ്ട്. അന്താരാഷ്ട്ര നാണയനിധിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോ. സുര്‍ജിത് എസ്. ഭല്ല അധ്യക്ഷനായി സാങ്കേതിക വിദഗ്ധ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

ഐഎസ്‌ഐ കൊല്‍ക്കത്ത, ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല, ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത സാമ്പത്തിക വിദഗ്ധരും ഇതില്‍ അംഗങ്ങളാണ്. ഫെബ്രുവരിയില്‍ സമഗ്ര സര്‍വേ നടത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ പരീക്ഷണ വിവരശേഖരണം നടത്തിയിരുന്നു.

ഒക്ടോബര്‍ 30നകം വേതനം, സ്വയം തൊഴില്‍ വരുമാനം, സ്വത്തില്‍ നിന്നുള്ള വരുമാനം തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഗവേഷകരെയും നയരൂപീകരണ വിദഗ്ധരെയും മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്.

ഗാര്‍ഹിക വരുമാന സര്‍വേയുടെ പ്രധാന ഉദ്ദേശ്യങ്ങള്‍:

  • വ്യക്തിഗത കുടുംബങ്ങളുടെ സാമ്പത്തിക നില പഠിക്കുക

  • സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് അടിസ്ഥാനമാകുന്ന ഡേറ്റ ശേഖരിക്കല്‍

  • ഭവന, ഭക്ഷണം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ രൂപപ്പെടുത്താന്‍.

  • രാജ്യത്തെ വരുമാന മാറ്റങ്ങളും സമ്പത്തിക വിഭജനവും മനസിലാക്കാന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT