image credit : Donald Trump , canva 
News & Views

''ഡ്രില്‍ ബേബി ഡ്രില്‍'' ! ട്രംപിന്റെ ക്രൂഡ് ഓയില്‍ പ്ലാനില്‍ തെന്നി വീണ് എണ്ണവില, ഇന്ത്യയില്‍ എന്തുമാറ്റം പ്രതീക്ഷിക്കാം?

2024ല്‍ പ്രതിദിനം 1.3 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് യു.എസില്‍ ഉത്പാദിപ്പിച്ചിരുന്നത്

Dhanam News Desk

യു.എസ് എണ്ണയുത്പാദനം കൂട്ടുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് ഓയില്‍ നിലവില്‍ (ഉച്ചക്ക് 12 മണിക്ക്) 80 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് ഓയില്‍ 83.36 ഡോളറിലും ഡബ്ല്യൂ.ടി.ഐ ക്രൂഡ് 77.24 ഡോളറിലുമാണ് വ്യാപാരം. അതേസമയം, ഫെബ്രുവരിയിലെ ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ 6,650 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 6,613 രൂപയില്‍ ക്ലോസ് ചെയ്ത ശേഷമായിരുന്നു ഇന്ന് വില കയറിയത്. മാര്‍ച്ചിലെ ഫ്യൂച്ചേഴ്‌സ് വ്യാപാരം 6,590 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് രാജ്യത്തിന്റെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് വേണ്ടി സാധ്യമായ എല്ലാം ചെയ്യും. ഊര്‍ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മുന്‍പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളെല്ലാം തിരുത്തും. ഇത് യു.എസിലെ ക്രൂഡ് ഓയില്‍, ഗ്യാസ് ഉത്പാദനം കൂട്ടുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 2024ല്‍ പ്രതിദിനം 1.3 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് യു.എസില്‍ ഉത്പാദിപ്പിച്ചിരുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

വിപണിയില്‍ എന്ത് മാറ്റം

യു.എസ് എണ്ണയുത്പാദനം കൂട്ടുന്നത് വിപണിക്ക് കൂടുതല്‍ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ഉത്പാദനം കുറക്കാനുള്ള ഒപെക് തീരുമാനവും റഷ്യന്‍ എണ്ണക്കുള്ള വിലക്കും കാരണം വിപണിയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് നിലവില്‍ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 10 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് വിലക്കിന് പിന്നാലെ കുറഞ്ഞത്. എന്നാല്‍ റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് റഷ്യക്ക് മേലുള്ള വിലക്കിലും അയവ് വരുത്തിയേക്കാം. ഗാസയിലെ ഹമാസ്-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായതോടെ പശ്ചിമേഷ്യയിലെ എണ്ണയുത്പാദനവും വര്‍ധിക്കാന്‍ ഇടയുണ്ട്. ഇസ്രയേല്‍ പിന്തുണയുള്ള കപ്പലുകളെ ആക്രമിക്കില്ലെന്ന ഹൂതികളുടെ പ്രഖ്യാപനം ചെങ്കടല്‍ വഴിയുള്ള സമുദ്രഗതാഗതവും സുഗമമാക്കും. ഇതോടെ വിപണിയില്‍ കൂടുതല്‍ എണ്ണയെത്തുമെന്നും വില ഇനിയും കുറയുമെന്നുമാണ് പ്രതീക്ഷ.

ഇന്ത്യയിലെ മാറ്റമെന്ത്?

ക്രൂഡ് ഓയില്‍ വില കുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ വിപണി പ്രതീക്ഷയിലാണ്. എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, ഈ നീക്കത്തെ പോസിറ്റീവായാണ് കാണുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം പുനപരിശോധിക്കാന്‍ യു.എസ്, കാനഡ, ബ്രസീല്‍, ഗയാന തുടങ്ങിയ രാജ്യങ്ങള്‍ ഉത്പാദനം കൂട്ടിയാല്‍ മതിയാകും. കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തുന്നത് വില കുറക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് ഇത് ഏറെ ഉപയോഗം ചെയ്യും. കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് എണ്ണ കമ്പനികള്‍ക്ക് ലാഭകരമാണെങ്കിലും അതിന്റെ ഗുണം ഉപയോക്താക്കളിലേക്ക് എത്തണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ എണ്ണവിലയില്‍ എന്തുമാറ്റമുണ്ടാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT