Facebook/ Recep Tayyip Erdoğan
News & Views

പാക് പക്ഷം പിടിച്ച് തുര്‍ക്കി പെട്ടു! തുര്‍ക്കി യാത്ര ക്യാന്‍സല്‍ ചെയ്യുന്നതില്‍ 250% വര്‍ധന, വ്യാപാരത്തിലും വന്‍തിരിച്ചടി

ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്

Dhanam News Desk

പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാകിസ്ഥാന് തുര്‍ക്കി പിന്തുണ ലഭിച്ചത് പരിശോധിക്കാന്‍ കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. പാകിസ്ഥാന് പിന്തുണ നല്‍കിയത് ഗൗരവമായി കാണാനാണ് കേന്ദ്രതീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. തുര്‍ക്കിഷ് ഉത്പന്നങ്ങളും ഇവിടേക്കുള്ള ഉല്ലാസ യാത്രകളും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കങ്ങള്‍. തുര്‍ക്കിക്ക് മറുപടിയായി മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കാനും ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ തുര്‍ക്കിഷ് കമ്പനികള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനുമായി അവിശുദ്ധ കൂട്ടുകെട്ടിലെത്തിയ തുര്‍ക്കിക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് ആര്‍.എസ്.എസ് ബന്ധമുള്ള ചില സംഘടനകളുടെ ആവശ്യം. വ്യോമയാന ബന്ധങ്ങള്‍ താത്കാലികമായി വിച്ഛേദിക്കണം, നയതന്ത്ര ബന്ധത്തില്‍ പുനര്‍ വിചിന്തനം വേണം, ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരം വിലക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഉല്ലാസ യാത്രക്ക് തുര്‍ക്കി വേണ്ട

തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകളും രംഗത്തെത്തുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് കോണ്‍ഫഡേറഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.റ്റി) ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപക ക്യാംപയിന്‍ സംഘടിപ്പിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍, മാര്‍ബിള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഇവ കൈകാര്യം ചെയ്യുന്ന വ്യാപാരികളും അറിയിച്ചിട്ടുണ്ട്. സിനിമാ ലൊക്കേഷനായി തുര്‍ക്കിയെ പരിഗണിക്കരുതെന്ന് ഒരു വിഭാഗം സിനിമാ സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.

ടൂറിസം മേഖലയിലെ തിരിച്ചടി ഇങ്ങനെ

തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ബുക്കിംഗില്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 60 ശതമാനം കുറവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രകള്‍ ക്യാന്‍സല്‍ ചെയ്യുന്നവരുടെ എണ്ണം 250 ശതമാനം വര്‍ധിച്ചതായും ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നതിനിടെയാണ് പുതിയ നീക്കം. 2009ല്‍ കേവലം 55,000 ഇന്ത്യാക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. 2019ല്‍ 2.3 ലക്ഷവും കഴിഞ്ഞ വര്‍ഷം 3.30 ലക്ഷവും ഇന്ത്യക്കാര്‍ തുര്‍ക്കിയിലെത്തി. പുതിയ സാഹചര്യത്തില്‍ ഇത് കുത്തനെ ഇടിയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം 2 ലക്ഷം പേരാണ് അസര്‍ബൈജാനിലെത്തിയത്. ഇതിലും കുറവുണ്ടാകും.

വ്യാപാരത്തിലും കോടികളുടെ നഷ്ടം

1973ലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി വ്യാപാര കരാര്‍ നിലവില്‍ വരുന്നത്. 2022-23 വര്‍ഷത്തില്‍ 13.80 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.18 ലക്ഷം കോടി രൂപ) വ്യാപാരമാണ് ഇരുരാജ്യങ്ങളും നടത്തിയത്. 2023-24 വര്‍ഷത്തില്‍ 10.43 ബില്യന്‍ ഡോളറിലെത്തി. 6.65 ബില്യന്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. 3.78 ബില്യന്‍ വില വരുന്ന ഉത്പന്നങ്ങള്‍ തുര്‍ക്കിയില്‍ നിന്നുമെത്തിച്ചു. ഏപ്രില്‍ 2000 മുതല്‍ ഡിസംബര്‍ 2023 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 222.75 മില്യന്‍ ഡോളിന്റെ നിക്ഷേപമാണ് തുര്‍ക്കി ഇന്ത്യയില്‍ നടത്തിയത്. ഓഗസ്റ്റ് 2000 മുതല്‍ മാര്‍ച്ച് 2024 വരെ 200 മില്യന്‍ ഡോളര്‍ ഇന്ത്യന്‍ കമ്പനികള്‍ തുര്‍ക്കിയില്‍ നിക്ഷേപിച്ചതായും കണക്കുകള്‍ പറയുന്നു.

ഇന്ത്യയിലെ തുര്‍ക്കി കമ്പനികള്‍

സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ്, തുര്‍ക്കിഷ് ടെക്‌നിക് തുടങ്ങിയ നിരവധി കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഇവയുടെ പ്രവര്‍ത്തനം ഇന്ത്യ കൂടുതല്‍ നിരീക്ഷിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ 9 പ്രധാന എയര്‍പോര്‍ട്ടുകളിലാണ് സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ് പ്രവര്‍ത്തിക്കുന്നത്. ആകെ ബിസിനസിന്റെ കാല്‍ഭാഗവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

ഗള്‍ഫ് രാജ്യങ്ങളുമായി അടുക്കാന്‍ ഇന്ത്യ

ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളും ഇന്ത്യ ഊര്‍ജ്ജിതമാക്കി. ആദ്യ ഘട്ടമായി ഒമാനുമായി സ്വതന്ത്ര്യ വ്യാപാര കരാര്‍ ഇന്ത്യ ഉടനെ ഒപ്പിടുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ മാസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറുമായി സമാന രീതിയിലുള്ള കരാറിലെത്താനുള്ള ചര്‍ച്ച നടക്കുന്നതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ പാക് പക്ഷം പിടിച്ച തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഇന്ത്യാ-പാക് വിഷയത്തില്‍ പക്ഷം പിടിക്കാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഖത്തര്‍ ഭരണാധികാരി തമീം ബിന്‍ ഹമദ് അല്‍ത്താനി ഇവിടെ നിക്ഷേപങ്ങള്‍ നടത്താനുള്ള ആഗ്രഹം അറിയിച്ചിരുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി(യു.എ.ഇ) ഇന്ത്യക്ക് വ്യാപാര കരാര്‍ നിലവിലുണ്ട്. ഊര്‍ജ്ജ മേഖലയില്‍ അടക്കം കൂടുതല്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തുര്‍ക്കിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിറുത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്.

India-Turkey relations face fresh strain as trade ties, including marble imports, suffer after tourism fallout linked to Turkey's pro-Pakistan stance during Operation Sindoor.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT