image credit : canva 
News & Views

യു.എസും ദക്ഷിണ കൊറിയയും ഇനി വിയര്‍ക്കും, ₹1.2 ലക്ഷം കോടിയുടെ പെരിയ പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍

യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളുടെ മാതൃകയില്‍ ലോകത്തിലെ പ്രധാന ചിപ്പ് ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

Dhanam News Desk

സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 15 ബില്യന്‍ ഡോളര്‍ (ഏകദേശം 1.2 ലക്ഷം കോടി രൂപ) അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഇതിനായി 10 ബില്യന്‍ ഡോളറിന്റെ (ഏകദേശം 83,000 കോടി രൂപ) ചിപ്പ് നിര്‍മാണ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് 15 ബില്യന്‍ കൂടി അനുവദിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്ത് സെമി കണ്ടക്ടര്‍ നിര്‍മാണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഈ മാതൃകയില്‍ ലോകത്തിലെ പ്രധാന ചിപ്പ് ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ചിപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാനായി കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതാണ് പുതിയ പദ്ധതി. ചിപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, വാതകങ്ങള്‍, നിര്‍മാണ പ്ലാന്റുകള്‍ എന്നിവയ്ക്ക് വന്‍ തോതില്‍ സബ്‌സിഡി നല്‍കാനും പദ്ധതിയുണ്ട്. കൂടാതെ ചിപ്പ് നിര്‍മാണത്തില്‍ കൂടുതല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും ഈ രംഗത്ത് കൂടുതല്‍ ഗവേഷണം നടത്താനും പദ്ധതി സഹായമാകും.

തായ്‌വാനിലെ പവര്‍ചിപ്പ് കമ്പനിയുമായി സഹകരിച്ച് ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന പ്ലാന്റിനും, യു.എസ് ആസ്ഥാനമായുള്ള മൈക്രോണ്‍ ടെക്നോളജിയും മുരുഗപ്പ ഗ്രൂപ്പിന്റെ സിജി പവറും ജപ്പാനിലെ റെനെസാസുമായുള്ള പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന മൂന്ന് വ്യത്യസ്ത പ്ലാന്റുകള്‍ക്കും ഇന്ത്യ ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT