India-US trade Image : Canva
News & Views

അമേരിക്കന്‍ എല്‍എന്‍ജിയുടെ നികുതി ഇന്ത്യ ഒഴിവാക്കും; ഗെയിലിന് പുതിയ കരാറിന് സാധ്യത

ഇന്ത്യയുടെ നീക്കം ട്രംപിനെ തണുപ്പിക്കാന്‍; ഇന്ത്യന്‍ കമ്പനികള്‍ പുതിയ കരാറിന്

Dhanam News Desk

അമേരിക്കയില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി ചുമത്തല്‍ സംബന്ധിച്ച് ഇന്ത്യ-അമേരിക്ക ഉന്നത സംഘം നടത്തി വരുന്ന ചര്‍ച്ചയിലാണ് ഇത്തരമൊരു സൂചന. നിലവില്‍ ഇന്ത്യ ചുമത്തുന്ന 2.5 ശതമാനം നികുതി പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഇത് അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി വരവ് വര്‍ധിപ്പിക്കുന്നതിന് കാരണമാകും. പൊതുമേഖലാ കമ്പനിയായ ഗെയിലിന് പുതിയ കരാറുകള്‍ ലഭിക്കാന്‍ ഈ നീക്കം സഹായകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നീക്കം ട്രംപിനെ തണുപ്പിക്കാന്‍

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ബദല്‍ ചൂങ്കം ചുമത്താനുള്ള ട്രംപിന്റെ നീക്കമാണ് ഇന്ത്യയെ നികുതി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലേക്ക് അമേരിക്കയില്‍ നിന്ന് കൂടുതല്‍ എല്‍എന്‍ജി വാങ്ങുമെന്ന് അറിയിച്ചിരുന്നു. 25 ബില്യണ്‍ ഡോളര്‍ വരെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നാണ് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം, ഇന്ത്യയില്‍ നികുതി ഈടാക്കുന്നതില്‍ ട്രംപ് അതൃപ്തനാണ്. ട്രംപിനെ തണുപ്പിക്കാന്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യുമെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനക്ക് ബദല്‍ ഇന്ത്യ

അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിക്ക് കഴിഞ്ഞ മാസം മുതല്‍ ചൈന 15 ശതമാനം ചുങ്കം ചുമത്തിയിരുന്നു. ഇതോടെ പുതിയ വിപണി തേടുന്ന അമേരിക്ക ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം കൂട്ടി. നിലവില്‍ യുഎഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിക്ക് ഇന്ത്യ നികുതി ചുമത്തുന്നില്ല. പ്രത്യേക വാണിജ്യ കരാറിലെ നിബന്ധനയാണിത്. ഈ രീതിയില്‍ അമേരിക്കയുമായും പുതിയ കരാര്‍ ഉണ്ടാക്കുന്നതിനാണ് ഇന്ത്യ മുന്നോട്ടു വരുന്നത്.

ഗെയിലിന് നേട്ടമാകും

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന് ഗുണകരമാകുമെന്നാണ് സൂചനകള്‍. നിലവില്‍ യുഎസില്‍ നിന്നുള്ള പ്രധാന എല്‍എന്‍ജി ഇറക്കുമതി പങ്കാളിയാണ് ഗെയില്‍. അമേരിക്കയിലെ കമ്പനികളുമായി വര്‍ഷം തോറും 5.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങുന്നതിന് കമ്പനിക്ക് കരാറുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതി 28 ദശലക്ഷം ടണ്‍ ആണ്. യുഎസ് കമ്പനികളുമായി പുതിയ കരാറുകള്‍ക്ക് ഗെയില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT