വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവുകള്‍ രാജ്യത്തെ എയര്‍ലൈന്‍ കമ്പനികളെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (FIA). വിമാന ഇന്ധനത്തിന്റെ (എടിഎഫ്) വില കുത്തനെ ഉയര്‍ന്നതോടെ വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഈ നഷ്ടം സഹിച്ച് ഏറെക്കാലം മുന്നോട്ടു പോകാന്‍ സാധിക്കില്ല.
സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വരികയോ ചെയ്യേണ്ടിവരുമെന്ന് കേന്ദ്രത്തിന് അയച്ച കത്തില്‍ സംഘടന വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങി ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികളെല്ലാം ഈ സംഘടനയില്‍ അംഗങ്ങളാണ്.
ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ കടുത്ത നഷ്ടം സഹിച്ചാണ് നടത്തി കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ നല്‌കേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ സിംഹഭാഗവും ഇന്ധനവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഫെബ്രുവരി 28ന് ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം വിമാന ഇന്ധനവില പലകുറി വര്‍ധിച്ചിരുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏറെ വരുമാനം നേടിക്കൊടുത്തിരുന്ന ഗള്‍ഫ് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെട്ടത് വരുമാനത്തെ ബാധിക്കുകയും ചെയ്തു.
സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തിക സഹായങ്ങളാണ് വിമാനക്കമ്പനികള്‍ തേടുന്നതെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine