airport Canva
News & Views

കുത്തകയില്‍ മനംമാറ്റത്തിന് കേന്ദ്രത്തെ പ്രേരിപ്പിച്ചത് വലിയ 'പ്രതിസന്ധി'; എല്ലാ മേഖലകളിലും മോദിയുടെ ടേണിംഗ് വരുമോ?

ഇന്ത്യന്‍ വ്യോമയാന രംഗത്തെ അവസ്ഥകള്‍ കൃത്യമായി മനസിലാക്കാതെ നിക്ഷേപം നടത്തിയതാണ് അടച്ചുപൂട്ടിയ കമ്പനികളെ നഷ്ടത്തിലേക്ക് നയിച്ചത്. ഈ അവസ്ഥ വരാതിരിക്കാന്‍ പുതിയ കമ്പനികള്‍ കൃത്യമായി ശ്രദ്ധിക്കുന്നുമുണ്ട്

Dhanam News Desk

ഒടുവില്‍ മോദി സര്‍ക്കാരിന് ആ സത്യം മനസിലായോ? അങ്ങനെ കരുതേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ വ്യോമയാന രംഗത്തെ പിടിച്ചു കുലുക്കിയ ഒരു വലിയ മനുഷ്യനിര്‍മിത പ്രതിസന്ധി വേണ്ടിവന്നു അത്തരമൊരു തീരുമാനത്തിന്.

ഇന്ത്യന്‍ വ്യോമയാന രംഗം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏതാനും ചില കമ്പനികളുടെ മാത്രം നിയന്ത്രണത്തിലായിരുന്നു. ഇതിനു കാരണമാകട്ടെ വ്യോമയാന രംഗത്ത് മത്സരം ഇല്ലാതായെന്നതായിരുന്നു. ഒരുകാലത്ത് ആഭ്യന്തര വിമാന കമ്പനികള്‍ നിരവധിയായിരുന്നു ഇന്ത്യന്‍ ആകാശത്ത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. കിംഗ് ഫിഷര്‍ പൂട്ടിപ്പോയതും ജെറ്റ് എയര്‍വെയ്‌സും ഗോഫസ്റ്റും കടക്കെണിയില്‍ വീണതും ഈ രംഗത്തിന് തിരിച്ചടിയായി.

ഒന്നോ രണ്ടോ കമ്പനികള്‍ മാത്രം ഏതെങ്കിലുമൊരു വിപണിയില്‍ നിലനില്‍ക്കുന്നത് രാജ്യത്തിന് മൊത്തത്തില്‍ ഗുണകരമല്ലെന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്. മത്സരം ഇല്ലാത്തതിനാല്‍ വിമാന നിരക്കില്‍ ഉള്‍പ്പെടെ തോന്നിയ രീതിയില്‍ തീരുമാനങ്ങളെടുക്കാം എന്നതാണ് ഇതിന്റെ ഗുണഫലം.

നാലോ അഞ്ചോ മുന്‍നിര വിമാന സര്‍വീസുകള്‍ രാജ്യത്തുണ്ടായിരുന്നെങ്കില്‍ ഇന്‍ഡിഗോയുടെ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആകാശത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലായിരുന്നു. മറ്റ് വ്യോമയാന കമ്പനികളിലേക്ക് സര്‍വീസുകള്‍ ക്രമീകരിക്കാമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മറിച്ചാണ് സംഭവിച്ചത്.

അല്‍ഹിന്ദും ശംഖ് എയറും വരുമ്പോള്‍

വ്യോമയാന മേഖലയെ ഇനി പഴയപോലെ കയറൂരി വിടാന്‍ പറ്റില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയര്‍ ഉള്‍പ്പെടെയുള്ള പുതിയ കമ്പനികള്‍ക്ക് എന്‍ഒസി നല്കിയത്. ഫ്‌ളൈഎക്‌സ്പ്രസിനും ഇക്കൂടെ എന്‍ഒസി ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ആസ്ഥാനമായ ശംഖ് എയറിനും നേരത്തെ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിരുന്നു.

ഇപ്പോള്‍ അനുമതി കിട്ടിയ കമ്പനികളെല്ലാം തുടക്കത്തില്‍ ചെറിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് ആരംഭിച്ച് വിപുലീകരിക്കാനാണ് പദ്ധതിയിടുണ്ട്. ഒറ്റയടിക്ക് വമ്പന്‍ നിക്ഷേപം നടത്തുന്നതിന് പകരം ഘട്ടംഘട്ടമായി വികസിപ്പിക്കുകയെന്ന നയമാണ് ഈ കമ്പനികള്‍ പുറത്തെടുക്കുന്നത്. കിംഗ്ഫിഷറിനൊപ്പം സംഭവിച്ചത് പൈസ വാരിയെറിഞ്ഞ് വിപണി പിടിക്കാനുള്ള നീക്കമായിരുന്നു.

ഇന്ത്യന്‍ വ്യോമയാന രംഗത്തെ അവസ്ഥകള്‍ കൃത്യമായി മനസിലാക്കാതെ നിക്ഷേപം നടത്തിയതാണ് അടച്ചുപൂട്ടിയ കമ്പനികളെ നഷ്ടത്തിലേക്ക് നയിച്ചത്. ഈ അവസ്ഥ വരാതിരിക്കാന്‍ പുതിയ കമ്പനികള്‍ കൃത്യമായി ശ്രദ്ധിക്കുന്നുമുണ്ട്.

ടെലികോം രംഗത്തും വരുമോ മാറ്റം?

വ്യോമയാന രംഗത്തെ പോലെ തന്നെയാണ് ടെലികോം മേഖലയും. ഈ രംഗത്ത് ജിയോയുടെയും എയര്‍ടെല്ലിന്റെയും ആധിപത്യമാണ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ കളത്തിലുണ്ടെങ്കിലും വിപണി പങ്കാളിത്തം തീരെ കുറവാണ്. വോഡാഫോണ്‍ ഐഡിയ കടം കുമിഞ്ഞു കൂടി പതനത്തിന്റെ അരികെയാണ്. ആകാശത്ത് സംഭവിച്ച പ്രതിസന്ധി ടെലികോം രംഗത്തേക്ക് വരാതിരിക്കാന്‍ കേന്ദ്രം ഇടപെടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT