canva
News & Views

ഇന്‍വെസ്റ്റ് ഇന്‍ സൗദി അറേബ്യ! 85 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ക്കും സൗദിയില്‍ നിക്ഷേപം നടത്താന്‍ കൊതിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ-സൗദി ഉഭയക്ഷി വ്യാപാരം 3.71 ലക്ഷം കോടി രൂപ കടന്നെന്ന് കണക്കുകള്‍

Dhanam News Desk

ഇന്ത്യക്കാരുടെ ഇഷ്ട രാജ്യമായി സൗദി അറേബ്യ മാറുന്നതായി റിപ്പോര്‍ട്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നേരിടുന്ന തിരിച്ചടി മറികടക്കാനുള്ള ബദല്‍ മാര്‍ഗമായാണ് 85 ശതമാനം ഇന്ത്യന്‍ ബിസിനസുകാരും സൗദി അറേബ്യയെ കാണുന്നത്. ആഗോള പ്രതിസന്ധിക്കിടെ നിക്ഷേപം നടത്താനും ബിസിനസ് ചെയ്യാനുമുള്ള പറ്റിയ ഇടമായി സൗദി മാറുന്നതായും എച്ച്.എസ്.ബി.സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനപ്പെട്ട ഒമ്പതോളം വിപണികളില്‍ പ്രവര്‍ത്തിക്കുന്ന 4,000 ബിസിനസുകാര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. പ്രതിവര്‍ഷം 50 മില്യന്‍ ഡോളറിനും 500 മില്യന്‍ ഡോളറിനും ഇടയില്‍ വരുമാനമുള്ള കമ്പനികളാണിവ. നിലവിലെ ആഗോള വ്യാപാര പ്രതിസന്ധിക്കിടയില്‍ നിക്ഷേപം നടത്താവുന്ന ആകര്‍ഷകമായ സ്ഥലമായാണ് 85 ശതമാനം പേരും സൗദിയെ അടയാളപ്പെടുത്തിയത്. സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് മിക്ക കമ്പനികള്‍ക്കും താത്പര്യം.

അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗദിയിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാനുള്ള പ്ലാനുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ എട്ട് കമ്പനികളും അഭിപ്രായപ്പെട്ടു. ഇതില്‍ 60 ശതമാനത്തിലധികം കമ്പനികളും അടുത്ത ആറ് മാസത്തിനുള്ളില്‍ തന്നെ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തോടുള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും റിപ്പോര്‍ട്ട് തുടരുന്നു.

സൗദിയെന്ന വ്യാപാര പങ്കാളി

ഏറെക്കാലമായി ഇന്ത്യക്ക് വ്യാപാര പങ്കാളിത്തമുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 41.88 ബില്യന്‍ (ഏകദേശം 3.71 ലക്ഷം കോടി രൂപ) ഡോളറെത്തിയെന്ന് കണക്കുകള്‍. 11.76 ബില്യന്‍ ഡോളറിന് തുല്യമായ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തപ്പോള്‍ 30.12 ബില്യന്‍ ഡോളറായിരുന്നു ഇറക്കുമതി. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും.

എന്തുകൊണ്ട് സൗദി

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സൗദി സാമ്പത്തിക വ്യവസ്ഥയാണ് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരുടെയും അഭിപ്രായം. സാമ്പത്തിക സ്ഥിരത, വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവയും മുഖ്യകാരണങ്ങളാണ്. സൗദി അറേബ്യയുടെ ജി.ഡി.പി നാല് ശതമാനമാണ് ഇക്കൊല്ലം വളര്‍ന്നത്. വിഷന്‍ 230 പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ എണ്ണയിതര വരുമാനവും വലിയ തോതില്‍ വളരുന്നുണ്ട്. സൗദിയുടെ എണ്ണയിതര വരുമാനം കോവിഡ് കാലത്തേക്കാള്‍ 40 ശതമാനമെങ്കിലും വളര്‍ന്നുവെന്നാണ് കണക്ക്. ആഗോളതലത്തില്‍ ബാധിച്ച വ്യാപാര തര്‍ക്കങ്ങളൊന്നും സൗദിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

Indian companies are increasingly eyeing Saudi Arabia as a growth hub—with 85 % seeing it as an attractive destination for trade and investment amid global uncertainty, according to HSBC

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT