News & Views

ബ്ലോക്ക് ഡീല്‍ വഴി 3.5 കോടി ഓഹരികള്‍ കൈമാറി; ₹7,400 കോടിയുടെ ഇടപാടില്‍ എയര്‍ടെല്‍ ഓഹരികള്‍ക്ക് ഇടിവ്

മൂന്നാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ബ്ലോക്ക് ഡീലാണ് ഭാരതി എയര്‍ടെല്ലില്‍ നടന്നത്. ഈ മാസം ആദ്യം സിംഗപ്പൂര്‍ ആസ്ഥാനമായ സിംഗ്‌ടെല്‍ കൈവശമുണ്ടായിരുന്ന 5.1 കോടി ഓഹരികള്‍ വിറ്റഴിച്ചിരുന്നു

Dhanam News Desk

ഇന്ത്യന്‍ ടെലികോം രംഗത്തെ മുന്‍നിരക്കാരായ ഭാരതി എയര്‍ടെല്ലിലെ ഓഹരികള്‍ വിറ്റൊഴിച്ച് ഭാരതി എയര്‍ടെലിന്റെ കീഴിലുള്ള ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്‌മെന്റ് (ഐ.സി.ഐ.എല്‍). 7,400 കോടി രൂപ വിലവരുന്ന 3.5 കോടി ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ കൈമാറ്റപ്പെട്ടത്. ഓഹരികള്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓഹരി വില്പന വാര്‍ത്തകള്‍ പുറത്തുവന്നത് എയര്‍ടെല്‍ ഓഹരികള്‍ രണ്ട് ശതമാനത്തോളം ഇടിയാന്‍ വഴിയൊരുക്കി.

ഭാരതി എയര്‍ടെല്ലിന്റെ ആകെ ഓഹരികളുടെ 0.56 ശതമാനമാണ് ബുധനാഴ്ച്ച കൈമാറ്റം ചെയ്യപ്പെട്ടത്. ഓഹരിയൊന്നിന് 2,096.70 രൂപയ്ക്കായിരുന്നു കൈമാറ്റം. ചൊവ്വാഴ്ച്ചത്തെ ക്ലോസിംഗ് വിലയായ 2,161.60 രൂപയില്‍ നിന്ന് മൂന്ന് ശതമാനം താഴ്ത്തിയാണ് ഡീല്‍.

മൂന്നാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ബ്ലോക്ക് ഡീലാണ് ഭാരതി എയര്‍ടെല്ലില്‍ നടന്നത്. ഈ മാസം ആദ്യം സിംഗപ്പൂര്‍ ആസ്ഥാനമായ സിംഗ്‌ടെല്‍ (singtel) കൈവശമുണ്ടായിരുന്ന 5.1 കോടി ഓഹരികള്‍ വിറ്റഴിച്ചിരുന്നു. 10,800 കോടി രൂപയ്ക്കായിരുന്നു ഇടപാട്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ 2000 മുതല്‍ ഓഹരിയുടമയാണ് സിംഗ്ടെല്‍. എന്നാല്‍ അടുത്തിടെയായി എയര്‍ടെല്ലിലെ ഓഹരി വിഹിതം കമ്പനി കുറച്ചുകൊണ്ടുവരികയാണ്. 2022ല്‍ 31.4 ശതമാനം ഓഹരി സിംഗ്ടെല്ലിന് ഉണ്ടായിരുന്നു.

ഓഹരിവിലയില്‍ ഇടിവ്

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ വരുമാനവും ലാഭവും ഉയര്‍ത്താന്‍ എയര്‍ടെല്ലിന് സാധിച്ചിരുന്നു. വരുമാനം മുന്‍വര്‍ഷം സമാനപാദത്തിലെ 41,473 കോടി രൂപയില്‍ നിന്ന് 52,145 കോടി രൂപയായി ഉയര്‍ന്നു. ലാഭത്തിലും പ്രതിഫലനമുണ്ടായി. 4,153 രകോടി രൂപയില്‍ നിന്ന് 8,651 കോടി രൂപയായി ലാഭം ഉയര്‍ന്നു.

ബ്ലോക്ക് ഡീല്‍ വാര്‍ത്ത പുറത്തുവന്നതോടെ എയര്‍ടെല്‍ ഓഹരിവില ഇന്ന് രാവിലെ രണ്ടുശതമാനത്തിന് മുകളില്‍ താഴ്ന്നു. കമ്പനിയിലെ ഓഹരികള്‍ തുടര്‍ച്ചയായി ബ്ലോക്ക് ഡീലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന നിഗമനമാണ് വിപണിക്കുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT