News & Views

ഇന്ത്യന്‍ മുട്ടയ്ക്ക് പെട്ടെന്ന് ഡിമാൻ്റ് കൂടി! കാരണം അപ്രതീക്ഷിത വിപണികളിലെ ആവശ്യം

യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. ഇന്ത്യന്‍ മുട്ട ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍

Dhanam News Desk

ഇന്ത്യയില്‍ നിന്നുള്ള മുട്ട കയറ്റുമതിയില്‍ വന്‍ കുതിപ്പ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇരട്ടിയിലധികമാണ് കയറ്റുമതി ഉയര്‍ന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡിനൊപ്പം പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിച്ചതും മുട്ട കയറ്റുമതിക്ക് ഗുണം ചെയ്തു. 1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 595 കോടി രൂപയുടേതായിരുന്നു.

യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. ഇന്ത്യന്‍ മുട്ട ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ മുട്ട വാങ്ങലില്‍ യുഎഇ ഒമാനെ മറികടന്നു. ടൂറിസം രംഗത്തുണ്ടായ ഉണര്‍വാണ് യുഎഇയുടെ ആവശ്യകത വര്‍ധിച്ചത്.

തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞത് ഇന്ത്യന്‍ മുട്ടയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഈ രാജ്യങ്ങളില്‍ നിന്നാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതലായി മുട്ട എത്തുന്നത്. തുര്‍ക്കിയില്‍ നിന്ന് അമേരിക്കയും മുട്ട വാങ്ങുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും മറ്റ് പ്രശ്‌നങ്ങളും ഇറാനും തുര്‍ക്കിക്കും തിരിച്ചടിയായി. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ നിന്ന് യുഎസ് കൂടുതലായി മുട്ട വാങ്ങിയിരുന്നു.

കൂടുതല്‍ രാജ്യങ്ങളിലേക്ക്

ഈ വര്‍ഷം ജൂണില്‍ നാമക്കല്‍ മേഖലയില്‍ നിന്ന് ഒരു കോടി മുട്ടകള്‍ കയറ്റുമതി ചെയ്തിരുന്നു. റെക്കോഡാണിത്. അതേസമയം, യുഎസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ തീര്‍ത്തും നിലച്ചുവെന്നതും ശ്രദ്ധേയമാണ്. യുഎസ് മുട്ട വാങ്ങിയിരുന്ന വിപണികളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ നാമക്കല്ലില്‍ നിന്ന് മുട്ട വാങ്ങിയിരുന്നു. വ്യാപാര തീരുവ 50 ശതമാനമാക്കിയതോടെ ഇത് നിലയ്ക്കുകയും ചെയ്തു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ മുട്ടയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. മുട്ടയ്‌ക്കൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. മുട്ട കയറ്റുമതിയിലെ ഈ കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് ഓള്‍ ഇന്ത്യ പൗള്‍ട്രി എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി വത്സന്‍ പരമേശ്വരന്‍ പറഞ്ഞു.

രാജ്യത്ത് മുട്ട ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ആന്ധ്രപ്രദേശ് ആണ്. മൊത്തം ഉത്പാദനത്തിന്റെ 17.85 ശതമാനമാണ് ആന്ധ്രയുടെ വിഹിതം. തമിഴ്‌നാട് (15.64), തെലങ്കാന (12.88), ബംഗാള്‍ (11.37), കര്‍ണാടക (6.63) എന്നിങ്ങനെയാണ് പിന്നാലെയുള്ള സംസ്ഥാനങ്ങളുടെ വിഹിതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT