Image : Canva 
News & Views

ഇന്ത്യന്‍ ഇറക്കുമതിയില്‍ ചൈനീസ് ആധിപത്യം; കയറ്റുമതിയുടെ 52 ശതമാനം പത്തുരാജ്യങ്ങളിലേക്ക്

വിപണിയും ഉല്‍പ്പന്നങ്ങളും വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി

Dhanam News Desk

2030 ഓടെ ഇന്ത്യയുടെ കയറ്റുമതി മൂല്യം രണ്ടു ലക്ഷം കോടി ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെ പുറത്തിറക്കിയ ഏപ്രില്‍-ജൂണ്‍ കാലയളവിലെ കയറ്റുമതി-ഇറക്കുമതി സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ കൗതുകമുണര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങള്‍ ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തുകയാണ്.

കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായി യുഎസ്എ തുടരുന്നു. യുഎഇ, നെതര്‍ലാന്‍ഡ്‌സ് എന്നിവയാണ് തൊട്ടുപിന്നില്‍. യുകെ, ചൈന, സിംഗപ്പൂര്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, ജര്‍മനി, മലേഷ്യ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍. വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 52 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കായിരുന്നു.

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനുള്ള മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും ഇറക്കുമതിയുടെ കാര്യത്തില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചൈന. എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ റഷ്യ രണ്ടാം സ്ഥാനത്തെത്തി. യുഎഇ, യുഎസ്എ, ഇറാഖ്, സൗദി അറേബ്യ, ഇന്തോനേഷ്യ, കൊറിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍. ആകെ ഇറക്കുമതിയുടെ 62 ശതമാനവും ഈ പത്ത് രാജ്യങ്ങളില്‍ നിന്നാണ്.

ഒരു പതിറ്റാണ്ടിലേറെയായി യുഎസും യുഎഇയുമാണ് ഏറ്റവും വലിയ രണ്ട് കയറ്റുമതിയിടങ്ങള്‍. 2023-24 കാലയളവില്‍ ആകെ കയറ്റുമതിയുടെ 25 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലേക്കായിരുന്നു. വിപണിയും ഉല്‍പ്പന്നങ്ങളും വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. അതേപോലെ ചൈനയ്ക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് കൂടുതല്‍ നൂതനവും പ്രായോഗികവുമായ നടപടികള്‍ അടിയന്തിരമായി ആവശ്യമായിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT