canva
News & Views

വാതിലുകള്‍ തുറന്നിട്ട് ആഫ്രിക്ക വിളിക്കുന്നു! ട്രംപ് താരിഫിനെ നേരിടാന്‍ കളം മാറ്റാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍, തിരിച്ചടി ആര്‍ക്ക്?

സുരക്ഷാ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇന്ത്യയില്‍ നല്‍കേണ്ടതിന്റെ മൂന്നിലൊന്ന് തുക നല്‍കിയാല്‍ തൊഴിലാളികളെ കിട്ടുമെന്നതും കമ്പനികളെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്

Dhanam News Desk

യു.എസ് തീരുവയെ നേരിടാന്‍ ആഫ്രിക്കന്‍ വഴി തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യയില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ യു.എസില്‍ എത്തണമെങ്കില്‍ വിലയുടെ പകുതി നികുതിയായി നല്‍കേണ്ടി വരും. ഇതൊഴിവാക്കാന്‍ ഉത്പാദനം ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം. യു.എസ് വസ്ത്ര ബ്രാന്‍ഡായ ഗ്യാപിന്റെ വിതരണക്കാര്‍ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ലിമിറ്റഡ്, പ്രീമിയം തുണിത്തര നിര്‍മാതാക്കളായ റെയ്മന്‍ഡ് ലൈഫ് സ്റ്റൈല്‍ എന്നീ കമ്പനികളാണ് ആഫ്രിക്കന്‍ സാധ്യത തേടുന്നത്. രത്‌ന, ആഭരണ കയറ്റുമതിക്കാരും സമാനമായ നീക്കത്തിലാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യന്‍ എണ്ണവാങ്ങല്‍ ചൂണ്ടിക്കാട്ടി ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം കുറക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ തുടരുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന ആഭരണ-തുണിത്തര മേഖലയെ താരിഫ് സാരമായി ബാധിച്ചിട്ടുണ്ട്. ചില ഉത്പന്നങ്ങളുടെ യു.എസിലേക്കുള്ള കയറ്റുമതിയില്‍ 90 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യു.എസിലേക്കുള്ള മൊത്ത ഇന്ത്യന്‍ കയറ്റുമതി പകുതിയായി കുറയും. 2023ല്‍ 20 ബില്യന്‍ ഡോളര്‍ മൂല്യമുള്ള തുണിത്തരങ്ങളും ആഭരണങ്ങളും ഇന്ത്യയില്‍ നിന്നും യു.എസിലെത്തിയെന്നാണ് കണക്ക്.

ആഫ്രിക്കന്‍ വഴി

ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ടേഴ്‌സിന് കെനിയയില്‍ നാലും എത്യോപ്യയില്‍ ഒരു ഫാക്ടറിയുമാണുള്ളത്. രണ്ട് രാജ്യങ്ങള്‍ക്കും 10 ശതമാനമാണ് യു.എസ് കയറ്റുമതിക്ക് തീരുവ നല്‍കേണ്ടത്. അതേസമയം, തീരുവ പ്രശ്‌നത്തില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുമെന്നും കമ്പനിയുടെ എം.ഡി ശിവരാമകൃഷ്ണന്‍ ഗണപതി ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. എത്യോപ്യയിലെ പ്ലാന്റില്‍ നിന്നും യു.എസിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ റെയ്മന്‍ഡും തുടങ്ങിയിട്ടുണ്ട്. സൂറത്തിലുള്ള ധര്‍മാനന്ദന്‍ ഡയമണ്ട്‌സ് കമ്പനി ഉത്പാദനം ബോട്‌സ്വാനയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

വാതില്‍ തുറന്നിട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍

താരിഫ് കുറഞ്ഞ ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയതോടെ ആഫ്രിക്കന്‍ രാജ്യങ്ങളും ഉഷാറായി. എത്യോപ്യ, നൈജീരിയ, ബോട്‌സ്വാന, മൊറോക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് ഇളവുകളും അനുവദിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടി, വാറ്റ് എന്നിവ ഒഴിവാക്കിയതിന് പുറമെ നികുതിയിലും വന്‍ ഇളവുകള്‍ നല്‍കുമെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട്. ചില സെക്ടറുകള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ഇവിടങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകളും നിലവില്‍ വരുന്നുണ്ട്. യു.എസ് തീരുവ മൂലമുണ്ടായ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

തിരിച്ചടി ആര്‍ക്ക്?

സുരക്ഷാ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇന്ത്യയില്‍ നല്‍കേണ്ടതിന്റെ മൂന്നിലൊന്ന് തുക നല്‍കിയാല്‍ തൊഴിലാളികളെ കിട്ടുമെന്നതും കമ്പനികളെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ കമ്പനികള്‍ ആഫ്രിക്കയിലേക്ക് ഉത്പാദനം മാറ്റുന്നതായിരിക്കും ഇന്ത്യ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളിയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT