Image by Canva 
News & Views

ബംഗ്ലാദേശിലെ സാഹചര്യവും മാറി, മാലദ്വീപുമായി കൂടുതലടുക്കാന്‍ ഇന്ത്യ

ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം ഇന്ന് മുതല്‍

Dhanam News Desk

ഇന്ത്യയും മാലദ്വീപും തമ്മിലുണ്ടായിരുന്ന നയതന്ത്ര തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ആരംഭിച്ച മൂന്നു ദിവസത്തെ മാലദ്വീപ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം, വ്യാപാര മേഖലകളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സജീവമായി ഇടപെട്ടേക്കുമെന്നും സൂചനകളുണ്ട്. ചൈനയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന മുഹമ്മദ് മുയിസു ഒമ്പത് മാസം മുമ്പ് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയും ദ്വീപും തമ്മിലുള്ള ബന്ധം പിരിമുറുക്കത്തിന്റേതായിരുന്നു.

മാറ്റത്തിന്റെ തുടക്കം

മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതിന് ശേഷം മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മുയിസു സര്‍ക്കാരിലെ മൂന്നു സഹമന്ത്രിമാര്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. പരാമര്‍ശങ്ങളില്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യാ സര്‍ക്കാരിന്റെ സഹായങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസത്തിന് ഇടിവു പറ്റിയതും മാലദ്വീപിന് തിരിച്ചടിയായിരുന്നു. എന്നാൽ  പിന്നീട് ദ്വീപ് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യാ സര്‍ക്കാര്‍ സൈന്യത്തെ പിന്‍വലിച്ച് പകരം സിലിയന്‍മാരെ നിയമിച്ചിരുന്നു. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നല്ല മാറ്റമാണ് കാണുന്നത്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ മുഹമ്മദ് മുയിസു അതിഥിയായി എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശ കാര്യമന്ത്രി എസ്.ജയശങ്കറിന്റെ സൗഹൃദ സന്ദര്‍ശനം.

ബന്ധങ്ങള്‍ ഊഷ്മളമാകും

വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം മാലദ്വീപുമായുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയിലെ മികച്ച അയല്‍ക്കാരാണ് മാലദ്വീപ്. പ്രതിരോധ, സുരക്ഷാ മേഖലകള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ ദ്വീപുമായി ഇന്ത്യക്ക് മികച്ച ബന്ധമാണ് ഉള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. എസ്.ജയശങ്കറിന്റെ രണ്ടാമത്തെ മാലദ്വീപ് സന്ദര്‍ശനമാണിത്. ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT