സമ്പന്ന രാജ്യങ്ങളില്‍ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരായ ആരോഗ്യപ്രവര്‍ത്തകരുടെ സമഗ്രാധിപത്യമെന്ന് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക് പഠനം. യു.കെ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ 38 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (OECD) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.
ഒഇസിഡി അംഗ രാജ്യങ്ങള്‍ ആരോഗ്യ രംഗത്ത് വിദേശത്തു നിന്നുള്ള പ്രെഫഷണലുകളെ വലിയ തോതില്‍ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 2020-21 കാലഘട്ടത്തില്‍ 98,857 ഡോക്ടര്‍മാരും 1,22,400 നേഴ്‌സുമാരും ഈ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്നു. 2000-01 കാലഘട്ടത്തെ അപേക്ഷിച്ച് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 76 ശതമാനവും നേഴ്‌സുമാരില്‍ 435 ശതമാനവുമാണ് വര്‍ധന.
38 ഒഇസിഡി രാജ്യങ്ങളിലായി 8,30,000 വിദേശ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. 18 ലക്ഷം വിദേശ നേഴ്‌സുമാരും ഈ രാജ്യങ്ങളിലുണ്ട്. ഈ രാജ്യങ്ങളിലെ ഡോക്ടര്‍മാരില്‍ 40 ശതമാനവും ഏഷ്യയില്‍ നിന്നാണ്. നേഴ്‌സുമാരില്‍ 37 ശതമാനം വരുമിത്. ഇന്ത്യ, ജര്‍മനി, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാരിലേറെയും വരുന്നത്. ഫിലിപ്പൈന്‍സ്, ഇന്ത്യ, പോളണ്ട് എന്നീ രാജ്യങ്ങളാണ് നേഴ്‌സുമാരില്‍ മുന്നിലുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരിലേറെയും യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്കുന്നത്. 2021-23 സമയത്ത് വിദേശത്ത് പരിശീലനം ലഭിച്ച 6,06,000 ഡോക്ടര്‍മാര്‍ ഒഇസിഡി രാജ്യങ്ങളിലുണ്ടായിരുന്നു. ഇതില്‍ 75,000 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. മൊത്തം വിദേശ ഡോക്ടര്‍മാരുടെ 12 ശതമാനത്തോളം വരുമിത്.
ഇന്ത്യയില്‍ പരിശീലനം ലഭിച്ച 17,250 ഡോക്ടര്‍മാര്‍ 2021ല്‍ യുകെയിലുണ്ടായിരുന്നു. വിദേശ ഡോക്ടര്‍മാരുടെ 23 ശതമാനം വരുമായിരുന്നു ഇത്. യുഎസില്‍ 16,800 കാനഡയില്‍ 3,900 എന്നിങ്ങനെയായിരുന്നു കണക്ക്. ഈ രാജ്യങ്ങളിലെ മൊത്തം വിദേശ ഡോക്ടര്‍മാരുടെ 8%, 4% വരുമിത്. ഓസ്‌ട്രേലിയയില്‍ 6,000 ഇന്ത്യന്‍ ഡോക്ടര്‍മാരായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയുടെ വിദേശ ഡോക്ടര്‍മാരുടെ 10 ശതമാനത്തോളം.
ഇന്ത്യയില്‍ പരിശീലനം ലഭിച്ച 36,000 നേഴ്‌സുമാര്‍ യുകെയിലുണ്ട്. യുകെയുടെ മൊത്തം വിദേശ നേഴ്‌സുമാരുടെ 18 ശതമാനം വരുമിത്. യുഎസില്‍ 55,000 ഇന്ത്യന്‍ നേഴ്‌സുമാരും കാനഡയില്‍ 7,000 നേഴ്‌സുമാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഓസ്‌ട്രേലിയയിലെ വിദേശ നേഴ്‌സുമാരില്‍ 16 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്, മൊത്തം 8,000 വരുമിത്. 2021ലെ കണക്കാണിത്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ പുരോഗതിയും ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നേട്ടങ്ങളും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്. സമ്പന്ന രാജ്യങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ കരാറുകളും ഈ രംഗത്ത് വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
Read DhanamOnline in English
Subscribe to Dhanam Magazine