പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നാലാംപാദ ഫലം പുറത്തുവിട്ടു. വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ക്രൂഡ്ഓയില്‍ വില ഇടിഞ്ഞതും കയറ്റുമതി വരുമാനം വര്‍ധിച്ചതും ഐ.ഒ.സിക്ക് തുണയായി. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 58 ശതമാനമാണ് വര്‍ധന.
നാലാംപാദ ലാഭം 7,264.85 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 5,148.87 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. മുന്‍വര്‍ഷം സാമനപാദത്തെ 9,225 കോടി രൂപയില്‍ നിന്ന് ലാഭം 2,147 കോടി രൂപയായി താഴ്ന്നിരുന്നു.
ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 152 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്താനായി. മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ വരുമാനം 1.95 ലക്ഷം കോടി രൂപയാണ്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലിത് 1.94 ലക്ഷം കോടി രൂപയായിരുന്നു.
ഓഹരിയൊന്നിന് മൂന്നു രൂപ വീതം ഡിവിഡന്റും ഐ.ഒ.സി പ്രഖ്യാപിച്ചു. 32 ലക്ഷം ഓഹരിയുടമകള്‍ക്ക് ഡിവിഡന്റിന് അര്‍ഹതയുണ്ട്. 4,236.4 കോടി രൂപ ഡിവിഡന്റ് നല്കാനായി മാറ്റിവയ്ക്കും. പാദഫലം അനുകൂലമായതോടെ ഐ.ഒ.സി ഓഹരികള്‍ 1.58 ശതമാനം ഉയര്‍ച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine