x.com/RailMinIndia
News & Views

വന്ദേഭാരത് വരുമാനത്തില്‍ ഹൈസ്പീഡ്, ജനറല്‍-സ്ലീപ്പര്‍ കോച്ചുകളില്‍ 'ഇടിവ്'; റെയില്‍വേയുടെ ലക്ഷ്യം പ്രീമിയം

പ്രീമിയം സര്‍വീസുകളില്‍ നിന്നുള്ള വരുമാനം ഇരട്ടിയാക്കാന്‍ റെയില്‍വേയുടെ നീക്കം

Dhanam News Desk

അടുത്ത സാമ്പത്തികവര്‍ഷം പ്രീമിയം ട്രെയിന്‍ സര്‍വീസുകളില്‍ നിന്നുള്ള വരുമാനം 30 മുതല്‍ 60 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകള്‍ കൂടുതലായി ട്രാക്കിലിറക്കിയും രാജധാനി, ശതാബ്ദി, ഗതിമാന്‍ തുടങ്ങിയ ട്രെയിന്‍ സര്‍വീസുകളെ കൂടുതലായി ഉപയോഗപ്പെടുത്തിയും ഈ ലക്ഷ്യം നേടാമെന്ന് റെയില്‍വേ കണക്കുകൂട്ടുന്നു.

സാധാരണ ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും എ.സി വിഭാഗത്തിലും ഡിമാന്‍ഡ് ഏറുന്നുണ്ട്. എ.സി, ത്രീ ടയര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം സ്ലീപ്പര്‍ ക്ലാസ് വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് റെയില്‍വേ പറയുന്നു. ഇത് വരുംവര്‍ഷങ്ങളില്‍ പ്രീമിയം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് ഇടയാക്കും.

വന്ദേ ഭാരതിന് ഡിമാന്‍ഡ്

രാജ്യത്തുടനീളമുള്ള വന്ദേ ഭാരത് ട്രെയിനുകളില്‍ എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗിന് വലിയ വരുമാന വര്‍ധന കൈവരിക്കാനാകുമെന്ന് റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ റെയില്‍വേയുടെ വരുമാനം 987 കോടിയായി ഉയരുമെന്ന് കണക്ക്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 698 കോടിയാണ് വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനമാണ് വളര്‍ച്ച. വന്ദേഭാരത് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഇത്തവണത്തേത്.

വന്ദേ ഭാരത്, ഷതാബ്ദി, രാജധാനി, ഗതിമാന്‍ എക്സ്പ്രസ് പോലുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകളിലെ എസി ചെയര്‍ കാര്‍ വിഭാഗത്തില്‍ വരുമാനം 33 ശതമാനം വരെ വര്‍ധിക്കുമെന്ന് റെയില്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 5626 കോടിയായി ഉയരുമെന്നാണ് കണക്ക്. 2024-25 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന 4281 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ മുന്നേറ്റമാണിത്.

വരും മാസങ്ങളില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. കൂടുതല്‍ റൂട്ടുകളിലേക്ക് പ്രീമിയം ട്രെയിനുകള്‍ ഓടിച്ചും നിലവിലുള്ളതില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചും വരുമാനം കൂടുതല്‍ കണ്ടെത്താമെന്നാണ് റെയില്‍വേ കണക്കുകൂട്ടുന്നത്.

അതേസമയം, സ്ലീപ്പര്‍ ക്ലാസ്, ജനറല്‍ കോച്ചുകളില്‍ നിന്നുള്ള വരുമാനം 34,000 കോടി രൂപയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ ലഭിച്ചത് 31,638 കോടി രൂപയാണ്. ഈ വിഭാഗത്തില്‍ ലക്ഷ്യമിട്ട വരുമാനം നേടാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT