Image Courtesy: instagram.com/keralarailways 
News & Views

ടിക്കറ്റ് റദ്ദാക്കൽ കടുപ്പിച്ച് റെയിൽവേ; ബോർഡിംഗ് സ്റ്റേഷൻ മാറ്റാനുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കി

ടിക്കറ്റ് ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്യുന്നതും ഏജന്റുമാർ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് അവസാന നിമിഷം അവ റദ്ദാക്കി റീഫണ്ട് നേടുന്നതും തടയുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം

Dhanam News Desk

ടിക്കറ്റ് റദ്ദാക്കൽ നയത്തിൽ (Cancellation Policy) പ്രധാന മാറ്റങ്ങൾ വരുത്തി ഇന്ത്യൻ റെയിൽവേ. സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുക ട്രെയിൻ പുറപ്പെടുന്നതിന് എത്ര സമയം മുൻപ് ടിക്കറ്റ് റദ്ദാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള വിവിധ ഘട്ടങ്ങളിലായിരിക്കും. 2026 ഏപ്രിൽ 1 നും 15 നും ഇടയിൽ ഈ പുതിയ നിയമങ്ങൾ ഘട്ടങ്ങളായി നടപ്പിലാക്കും.

റീഫണ്ട് ഘടന

പുതിയ നയപ്രകാരം നിശ്ചയിച്ചിട്ടുള്ള റീഫണ്ട് ഘടന താഴെ പറയുന്ന രീതിയിലാണ്:

72 മണിക്കൂറിന് മുൻപ്: ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, ഓരോ ക്ലാസിനും നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കി പരമാവധി തുക റീഫണ്ട് ലഭിക്കും.

72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ: ഈ സമയപരിധിക്കുള്ളിൽ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം പിഴയായി ഈടാക്കും.

24 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ: ഈ സമയത്തിനിടയിൽ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം തുക പിഴയായി ഈടാക്കും.

8 മണിക്കൂറിൽ താഴെ: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ സമയം ബാക്കിയുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല.

പഴയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക റീഫണ്ട് ലഭിക്കുമായിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തിലൂടെ ഈ സമയം 8 മണിക്കൂറായി റെയിൽവേ കർശനമാക്കിയിരിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് സംവിധാനം ദുരുപയോഗം ചെയ്യുന്നതും ഏജന്റുമാർ (Touts) കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് അവസാന നിമിഷം അവ റദ്ദാക്കി റീഫണ്ട് നേടുന്നതും തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ബോർഡിംഗ് സ്റ്റേഷൻ

റദ്ദാക്കൽ നിയമങ്ങൾ കർശനമാക്കിയതിനൊപ്പം യാത്രക്കാർക്ക് ആശ്വാസകരമായ മറ്റൊരു മാറ്റവും റെയിൽവേ വരുത്തിയിട്ടുണ്ട്. ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ യാത്രക്കാർക്ക് അനുവാദമുണ്ട്. ഒന്നിലധികം സ്റ്റേഷനുകളുള്ള നഗരങ്ങളിൽ യാത്രക്കാർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ഇത് സഹായിക്കും. നിലവിൽ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കുമായിരുന്നുള്ളൂ.

Indian Railways revises ticket cancellation policy with stricter refund rules and easier boarding station change.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT