Image Courtesy: instagram.com/keralarailways 
News & Views

ബജറ്റില്‍ റെയില്‍വേയ്ക്ക് കൂടുതല്‍ വിഹിതം ലഭിച്ചേക്കും, യാത്രസുരക്ഷയ്ക്കും ആധുനികവത്ക്കരണത്തിനും ഊന്നല്‍

നടപ്പ് സാമ്പത്തികവര്‍ഷം വിവിധ സുരക്ഷ പദ്ധതികള്‍ക്കായി മാത്രം 1.8 ലക്ഷം കോടിയാണ് റെയില്‍വേ ചെലവഴിക്കുന്നത്

Dhanam News Desk

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ റെയില്‍വേയ്ക്ക് വാരിക്കോരി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ആധുനികവല്‍ക്കരണത്തിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനുമായുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷ, ആധുനികവല്‍ക്കരണം, വിപുലീകരണം എന്നിവയിലൂന്നിയുള്ള ബജറ്റ് പ്രഖ്യാപനങ്ങളാകും ഉണ്ടാകുകയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

സുരക്ഷയ്ക്ക് മുന്‍ഗണന

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റെയില്‍വേ ഏറ്റവും കൂടുതല്‍ തുക വകയിരുത്തുന്ന മേഖലകളിലൊന്ന് സുരക്ഷയുമായി ബന്ധപ്പെട്ടാണ്. നടപ്പ് സാമ്പത്തികവര്‍ഷം വിവിധ സുരക്ഷ പദ്ധതികള്‍ക്കായി മാത്രം 1.8 ലക്ഷം കോടിയാണ് റെയില്‍വേ ചെലവഴിക്കുന്നത്. ഇത്തവണ ബജറ്റില്‍ ഈ തുക ഉയരും. അടുത്തിടെ ചെറുതും വലുതുമായ ട്രെയിന്‍ അപകടങ്ങള്‍ നടന്നതും കൂടുതല്‍ സുരക്ഷ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി സുരക്ഷിതമായ യാത്രയെന്ന ലക്ഷ്യത്തിലൂന്നിയാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത്തവണയും ഈ രീതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസം പദ്ധതിവിഹിതത്തിന്റെ 76 ശതമാനം വിനിയോഗിക്കാന്‍ റെയില്‍വേയ്ക്ക് സാധിച്ചിരുന്നു.

ബജറ്റില്‍ ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ കൂടുതലായി നിര്‍മിക്കുന്നതിന് ആവശ്യമായ പണം വകയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡുമായി ചേര്‍ന്നായിരിക്കും ഇത്. ഹിറ്റായി മാറിയ വന്ദേഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പായി നമോ ഭാരത് 2.0നും ബജറ്റില്‍ പ്രതീക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT