കാനഡ, യു.എസ്.എ, യു.കെ എന്നീ മൂന്ന് രാജ്യങ്ങളിലെ സര്‍വകലാശാകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെയിടിഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉന്നത പഠനത്തിനായി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനത്തോളമാണ് കുറവുണ്ടായത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി)യുടെ കണക്ക് പ്രകാരം കാനഡയിലേക്ക് യാത്രാ അനുമതി നേടിയവരുടെ എണ്ണം 2024ല്‍ 2.78 ലക്ഷത്തില്‍ നിന്നും 1.89 ലക്ഷമായി കുറഞ്ഞു. 32 ശതമാനത്തിന്റെ വ്യത്യാസം. യു.എസിലേക്കുള്ള വിദ്യാര്‍ത്ഥി വിസയില്‍ 34 ശതമാനം കുറവുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊട്ടുമുന്‍ വര്‍ഷം 1.31 ലക്ഷം എഫ് വണ്‍ വിസ അനുവദിച്ചെങ്കില്‍ 2024ല്‍ ഇത് 86,110 എണ്ണമായി കുറഞ്ഞു. യു.കെയിലേക്കുള്ള വിസ 26 ശതമാനം കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. യു.കെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വിസയുടെ എണ്ണം 1.2 ലക്ഷത്തില്‍ നിന്നും 88,732 ആയി കുറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നിലവില്‍ മിക്ക രാജ്യങ്ങളുടെയും നിലപാട്. പഠന വിസയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും തൊഴിലിന് വേണ്ടി തുടരുന്നത് പല രാജ്യങ്ങള്‍ക്കും ബാധ്യതയായിരുന്നു. വീട്ടുവാടകയും ആരോഗ്യചെലവുകളും ഉള്‍പ്പെടെയുള്ളവ വര്‍ധിച്ചത് തദ്ദേശീയരില്‍ പ്രതിഷേധത്തിന് കാരണമായതോടെയാണ് മിക്ക രാജ്യങ്ങളും നിയന്ത്രണത്തിന് തയ്യാറായത്. നിലവില്‍ യു.കെയിലും കാനഡയിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ആശ്രയ വിസയിലെ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2024ല്‍ 35 ശതമാനവും ഇക്കൊല്ലം 10 ശതമാനവുമാണ് കാനഡ കുറച്ചത്. അടുത്ത കൊല്ലത്തോടെ ആകെ ജനസംഖ്യയുടെ 5 ശതമാനം ആളുകള്‍ക്ക് മാത്രം താത്കാലിക താമസ അനുമതി നല്‍കാനാണ് കാനഡയുടെ നീക്കം. മറ്റ് രാജ്യങ്ങളും സമാനമായ നീക്കത്തിലാണ്.
ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുത്തനെ കൂടിയിരുന്നു. കൂട്ടത്തില്‍ കാനഡയോടായിരുന്നു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും താത്പര്യം. 2015ല്‍ 31,920 സ്റ്റുഡന്റ് വിസ മാത്രമാണ് അനുവദിച്ചതെങ്കില്‍ 2023ല്‍ ഇത് 2,78,160 എണ്ണമായി വര്‍ധിച്ചു. എട്ട് മടങ്ങ് വര്‍ധന. യു.കെയിലേക്കുള്ള വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെ ഒഴുക്ക് ഇതിലും കൂടുതലായിരുന്നു. പത്ത് മടങ്ങോളമാണ് വര്‍ധനയുണ്ടായത്. യു.എസിലേക്കുള്ള വിദ്യാര്‍ത്ഥി വിസയിലും ഇരട്ടി വര്‍ധനയുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കുടിയേറ്റ നിയമങ്ങള്‍ ഈ രാജ്യങ്ങള്‍ കടുപ്പിച്ചതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. യു.കെ. യു.എസ്.എ, കാനഡ എന്നിവക്ക് പുറമെ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായെന്ന റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ജര്‍മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine