കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് വ്യാപകമായിരുന്നു. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യൂറോപ്പിലേക്കും കാനഡയിലേക്കുമെല്ലാം വിമാനം കയറിയത്. കടല്‍ കടന്ന വിദ്യാര്‍ത്ഥികളില്‍ പലരും കബളിപ്പിക്കപ്പെട്ട് മതിയായ സൗകര്യങ്ങളില്ലാത്ത കോളജുകളിലും കോഴ്‌സുകളിലും എത്തിപ്പെട്ടെന്ന വാര്‍ത്തകളും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
2024ന്റെ തുടക്കത്തോടെ വിദേശ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വരവിന് നിയന്ത്രണം കൊണ്ടുവന്നതോടെ കേരളത്തില്‍ നിന്നടക്കം ഒഴുക്ക് കുറയുകയും ചെയ്തു. കേരളത്തില്‍ കൂണുപോലെ മുളച്ചുപൊന്തിയ ഓവര്‍സീസ് എഡ്യുക്കേഷന്‍ ഏജന്‍സികള്‍ പലതും പൂട്ടിപ്പോകുന്നതിനും ഇക്കാലം സാക്ഷ്യംവഹിച്ചു.
ഇപ്പോള്‍ വരുന്നൊരു റിപ്പോര്‍ട്ട് അനുസരിച്ച് യു.കെയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് പോക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 15,000ത്തോളം പേര്‍ക്ക് യു.കെ വിദ്യാര്‍ത്ഥി വീസ ലഭിച്ചെന്ന് അപ്ലൈബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം സമാന സമയത്തേക്കാള്‍ 44 ശതമാനം അധികമാണിത്.
യു.കെയില്‍ വിദ്യാഭ്യാസ വീസയ്ക്കായി അപേക്ഷിക്കുന്നവരില്‍ 96 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീസ ലഭിക്കുന്നതായി റിപ്പോര്‍ട്ട് അടിവരയിടുന്നു.
ഈ വര്‍ഷം രണ്ടാംപാദത്തില്‍ 63,000 അപേക്ഷകളാണ് യു.കെ അധികൃതര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ 56,000 വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി ലഭിച്ചു. നിരസിക്കല്‍ നിരക്ക് 9 ശതമാനമാണ്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. വിദ്യാര്‍ത്ഥി വീസകളില്‍ യു.കെ പരിശോധന കര്‍ശനമാക്കിയതാണ് കാരണം.
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ കഴിഞ്ഞ വര്‍ഷം വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ യു.കെയ്ക്ക് സാധിക്കുന്നുണ്ട്. മികച്ച അക്കാഡമിക് സൗകര്യങ്ങളും പഠനശേഷം മികച്ച ജോലി ലഭിക്കാനുള്ള സാധ്യതകളുമാണ് യു.കെയെ വിദ്യാര്‍ത്ഥികളുടെ ഇഷ്ടകേന്ദ്രമായി നിലനിര്‍ത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine