വിദേശ കമ്പനികളുടെ നിരീക്ഷണ കാമറകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് കടിഞ്ഞാണിടാന്‍. സിസിടിവി ക്യാമറകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവരുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, സോഴ്‌സ് കോഡ് എന്നിവ സര്‍ക്കാര്‍ ലാബുകളില്‍ പരിശോധനയ്ക്കായി നല്കിയ ശേഷം മാത്രമേ ഇന്ത്യന്‍ വിപണിയില്‍ വില്ക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദ്ദേശം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വില്ക്കുന്ന സിസിടിവി ക്യാമറകളില്‍ ചൈനീസ് ആധിപത്യം ഉയരുന്നതാണ് സര്‍ക്കാരിനെ കടുത്ത നടപടിയെടുക്കാന് പ്രേരിപ്പിക്കുന്നത്. ഏപ്രില്‍ 9 മുതല്‍ പുതിയ ഉത്തരവ് നടപ്പിലായി കഴിഞ്ഞു. പഹല്‍ഗാം തീവ്രവാദിയാക്രമണത്തെ തുടര്‍ന്നാണ് സിസിടിവി വിഷയത്തില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചത്.
ചൈനയില്‍ നിന്നുള്ള Hikvision, Xiaomi, Dahua, ദക്ഷിണകൊറിയയില്‍ നിന്നുള്ള Hanwha, യുഎസ് ആസ്ഥാനമായുള്ള Motorola Solutions തുടങ്ങിയ കമ്പനികള്‍ക്ക് പുതിയ നിയമം തിരിച്ചടിയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്ന സിസിടിവികളില്‍ സിംഹഭാഗവും ചൈനീസ് നിര്‍മിതമോ പങ്കാളിത്തമോ ഉള്ളതാണ്. അതുകൊണ്ട് തന്നെ ചൈനീസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
2021ല്‍ കേന്ദ്ര ഐടി മന്ത്രി പാര്‍ലമെന്റില്‍ നല്കിയ മറുപടി ചൈനീസ് സിസിടിവി കമ്പനികളുടെ ആധിപത്യം വ്യക്തമാക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കപ്പെട്ട നിരീക്ഷണ ക്യാമറകളില്‍ പത്തുലക്ഷത്തിലധികം ക്യാമറകള്‍ ചൈനീസ് കമ്പനികളുടേതാണെന്നായിരുന്നു മന്ത്രി വെളിപ്പെടുത്തിയത്. വീഡിയോ അടക്കമുള്ള ഡേറ്റകള്‍ വിദേശ സെര്‍വറുകളിലേക്ക് അയയ്ക്കപ്പെടുന്നത് അടക്കമുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുവെന്ന് അന്ന് മന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ സിസിടിവി മാര്‍ക്കറ്റ് 3.5 മില്യണ്‍ ഡോളറിന്റേതാണ്. 2030ഓടെ 7 ബില്യണായി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ സിസിടിവി വിപണിയുടെ 30 ശതമാനവും കൈയാളുന്നത് ചൈനീസ് കമ്പനികളാണ്. 80 ശതമാനം ഉപകരണ ഭാഗങ്ങളും വരുന്നത് ചൈനയില്‍ നിന്നാണ്.
ചൈനീസ് സിസിടിവി കമ്പനിയായ Hikvision, Dahua എന്നിവയുടെ വില്പന യുഎസ് 2022ല്‍ വിലക്കിയിരുന്നു. ബ്രിട്ടനും ഓസ്‌ട്രേലിയയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ ചുവട് പിടിച്ച് ഇന്ത്യയും കര്‍ക്കശ നിലപാടെടുക്കുമെന്നാണ് സൂചന.
സിസിടിവി ക്യാമറകള്‍ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. ചൈനീസ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കടുപ്പിക്കുന്നത് സിസിടി ലഭ്യത കുറയ്ക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. പരിശോധനയ്ക്ക് ആവശ്യമായ സര്‍ക്കാര്‍ ലാബുകളുടെ കുറവും അനുമതി വൈകുന്നതും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 28 വരെ ലാബ് പരിശോധനയ്ക്ക് അയച്ച 342 അപേക്ഷകളില്‍ ഒരെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. ഇന്ത്യന്‍ നിര്‍മിത സിസിടിവി ബ്രാന്‍ഡുകള്‍ക്ക് നേട്ടം കൊയ്യാന്‍ പുതിയ സാഹചര്യം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine