canva
News & Views

ആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്; ലക്ഷ്യം ₹50,000 കോടി

2029-30 സാമ്പത്തികവര്‍ഷം ആകുമ്പോള്‍ പ്രതിരോധ കയറ്റുമതി 50,000 കോടിയിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

Dhanam News Desk

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധിച്ച് 38,424 കോടി രൂപയായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ സാമ്പത്തികവര്‍ഷം 14,802 കോടി രൂപയായിരുന്നു ഇന്ത്യയുടെ ആയുധ കയറ്റുമതി.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വിജയകരമായ പ്രഹരങ്ങള്‍ ആയുധ വ്യാപാരത്തിലും നിര്‍ണായകമായി. മികച്ച വ്യോമപ്രതിരോധവും മിസൈല്‍ ശക്തിയും ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ആയുധ കയറ്റുമതിയില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും കാര്യമായ റോളുണ്ടെന്ന് പ്രതിരോധമന്ത്രി പറയുന്നു. ആകെ ആയുധ കയറ്റുമതിയുടെ 55 ശതമാനത്തോളം പൊതുമേഖല സ്ഥാപനങ്ങളുടെ സംഭാവനയാണ്. സ്വകാര്യ മേഖലയുടെ കയറ്റുമതി 45 ശതമാനം വരും.

2024-25 സാമ്പത്തികവര്‍ഷം ആഭ്യന്തര പ്രതിരോധ ഉത്പന്ന നിര്‍മാണം 1.50 ലക്ഷം കോടി രൂപയായിരുന്നു. 2029-30 സാമ്പത്തികവര്‍ഷം ആകുമ്പോള്‍ പ്രതിരോധ കയറ്റുമതി 50,000 കോടിയിലെത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പ്രതിരോധ മേഖല വളരുന്നു

മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ വിജയമാണ് പ്രതിരോധ മേഖലയുടെ മികച്ച വളര്‍ച്ചയ്ക്ക് കാരണമെന്ന് രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. കുറച്ചു വര്‍ഷം മുമ്പ് 1,000 കോടിയില്‍ താഴെയായിരുന്നു ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി. ഇതാണ് വലിയ കുതിപ്പ് രേഖപ്പെടുത്തിയത്.

ബ്രഹ്‌മോസ് മിസൈലുകള്‍, റഡാറുകള്‍, ആകാശ് മിസൈല്‍ സംവിധാനം, കവചിത വാഹനങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയാണ് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്യുന്നത്. നിലവില്‍ 80ലേറെ രാജ്യങ്ങള്‍ ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. ചൈനയില്‍ നിന്നടക്കം വാങ്ങിയിരുന്നവര്‍ ഇന്ത്യയിലേക്ക് മാറിയിട്ടുണ്ട്.

പ്രധാന കയറ്റുമതി രാജ്യങ്ങള്‍

  • യു.എസ്

  • ഫ്രാന്‍സ്

  • അര്‍മേനിയ

  • ഫിലിപ്പീന്‍സ്

  • വിയറ്റ്‌നാം

  • മധ്യപൂര്‍വ്വ രാജ്യങ്ങള്‍

  • ആഫ്രിക്കന്‍ രാജ്യങ്ങള്‍

ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന ഉല്‍പന്നങ്ങള്‍

  • മിസൈല്‍ സിസ്റ്റങ്ങള്‍ (ഉദാ: ബ്രഹ്‌മോസ്)

  • റഡാര്‍ സംവിധാനങ്ങള്‍

  • പട്രോള്‍ ബോട്ടുകള്‍

  • ഹെലികോപ്ടറുകളും വിമാന ഭാഗങ്ങളും

  • ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

  • ഇലക്ട്രോണിക് വാര്‍ഫെയര്‍ ഉപകരണങ്ങള്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT