ഇന്ത്യയുടെ സ്വന്തം ഹൈട്രജന്‍ ട്രെയിന്‍ നാളെ മുതല്‍ ട്രാക്കില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്‌റ്റേഷനില്‍ ചരിത്രം തിരുത്തുന്ന ട്രെയിനിന് പച്ചക്കൊടി വീശും. സോണിപത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ട്രെയിനിന്റെ ആദ്യ യാത്ര. 89 കിലോമീറ്ററാണ് ഈ സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം. പ്രതിദിനം 356 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര ചെയ്യും.
10 കോച്ചുകളിലായി 2,600 പേര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം. 682 സീറ്റുകള്‍ ട്രെയിനിലുണ്ട്. മറ്റ് രാജ്യങ്ങളിലെ ഹൈഡ്രജന്‍ ട്രെയിനുകളില്‍ മൂന്നോ നാലോ കോച്ചുകള്‍ വരെയേ ഉണ്ടാകാറുള്ളൂ. 110 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ 75 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനിന്റെ യാത്ര.
ആകെ 356 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജന്‍ ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജര്‍മനി, ജപ്പാന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉള്ളത്.
സാധാരണ ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ക്ക് വൈദ്യുതി ലഭിക്കാന്‍ മുകളിലെ വൈദ്യുതി ലൈനുകള്‍ ആവശ്യമാണ്. എന്നാല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് ഇതിന്റെ ആവശ്യമില്ല. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
പഴയ ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനുകളിലെ ഡീസല്‍ എന്‍ജിനുകള്‍ മാറ്റി പകരം സീറോ എമിഷന്‍ ഹൈഡ്രജന്‍-ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനം സ്ഥാപിച്ചാണ് ഈ ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. 202021ല്‍ നോര്‍ത്ത് റെയില്‍വേ ആരംഭിച്ച ഈ പദ്ധതിക്ക് 136 കോടി രൂപയാണ് ചെലവ്. 2022 ഏപ്രിലില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള റെയില്‍വേ പ്രൊപ്പല്‍ഷന്‍ ഉപകരണ വിതരണ കമ്പനിയായ മെധക്ക് കരാര്‍ നല്‍കിയതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പഞ്ചാബിലെ ജലന്ധര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
കേരളത്തിലേത് അടക്കം 20 സംസ്ഥാനങ്ങളിലായി 75 അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,570 കോടി ചെലവിലാണ് ഈ സ്റ്റേഷനുകള്‍ നവീകരിച്ചത്. അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷനുകള്‍.
കേരളത്തില്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ നവീകരണം പൂര്‍ത്തിയാക്കിയ പാലക്കാട് ഡിവിഷനു കീഴില്‍ തിരൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ റോഡ്, ഫറോക്ക്, തലശേരി സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനില്‍ ചാലക്കുടി, അങ്കമാലി സ്റ്റേഷനുകളുമാണ് വെള്ളിയാഴ്ച്ച പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine