News & Views

ട്രാഫിക്ക് ബ്ലോക്കിന് മുകളിലൂടെ പറക്കാം, ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇന്ത്യയുടെ ഫ്ളയിങ് ടാക്സി 2028-ഓടെ എത്തും; മലയാളികളേറെയുള്ള നഗരത്തിലും ആദ്യഘട്ടം

ഇന്ത്യയില്‍ 2028-ഓടെ eVTOL ഫ്ളയിങ് ടാക്സി സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ വിമാനത്താവള യാത്രയ്ക്ക് ആദ്യം സേവനം ലഭ്യമാക്കാനാണ് പദ്ധതി

Dhanam News Desk

നഗരങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ഇന്ത്യയില്‍ ഇലക്ട്രിക് ഫ്ളയിങ് ടാക്സി സേവനങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. 2028-ഓടെ രാജ്യത്ത് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (eVTOL) വിമാനങ്ങളുടെ വാണിജ്യ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കിയിരിക്കുന്നത്.

വലിയ റണ്‍വേകളില്ലാതെ തന്നെ കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ചെറുവിമാനങ്ങളാണ് ഫ്ളയിങ് ടാക്സി സര്‍വീസിനായി ഉപയോഗിക്കുക. ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്നത്.

വിമാനത്താവളത്തിലേക്ക് ഇനി മിനിറ്റുകള്‍ക്കുള്ളില്‍

മെട്രോ നഗരങ്ങളിലെ കടുത്ത ട്രാഫിക് കാരണം വിമാനത്താവളങ്ങളിലേക്കുള്ള യാത്ര പലപ്പോഴും മണിക്കൂറുകള്‍ നീളാറുണ്ട്. മഴയും തിരക്കേറിയ സമയവും കൂടിയാകുമ്പോള്‍ യാത്രാസമയം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ നീളുന്ന സാഹചര്യവും നിലവിലുണ്ട്.

ഫ്ളയിങ് ടാക്സികള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 20-30 മിനിറ്റിനുള്ളില്‍ വിമാനത്താവളത്തിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായിരിക്കും eVTOL സര്‍വീസുകള്‍ക്ക് മുന്‍ഗണന നല്‍കുക. പിന്നീട് എയര്‍ ആംബുലന്‍സ്, അടിയന്തര സേവനങ്ങള്‍, ചരക്ക് ഗതാഗതം തുടങ്ങിയ മേഖലകളിലേക്കും ഫ്ളയിങ് ടാക്സി സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് പദ്ധതി.

ആറു യാത്രക്കാര്‍, ഒരു പൈലറ്റ്

ബെംഗളൂരു ആസ്ഥാനമായുള്ള സാര്‍ല ഏവിയേഷന്‍ (Sarla Aviation) ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ eVTOL വിമാന വികസനവുമായി മുന്നോട്ടുപോകുകയാണ്. ആറ് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനമാണ് സാര്‍ല ഏവിയേഷന്‍ വികസിപ്പിക്കുന്നത്.

വിമാനത്തിന്റെ രൂപകല്‍പ്പനയും സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ നഗര യാത്രയ്ക്ക് അനുയോജ്യമായ രീതിയില്‍ കുറഞ്ഞ ദൂരങ്ങളില്‍ വേഗത്തിലുള്ള യാത്ര സാധ്യമാക്കുകയെന്നതാണ് ഇത്തരം വിമാനങ്ങളുടെ പ്രധാന ലക്ഷ്യം.

സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്ക്

ഫ്ളയിങ് ടാക്സി സേവനം സമ്പന്നര്‍ക്ക് മാത്രമുള്ള ആഡംബര യാത്രാമാര്‍ഗമായി മാറരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. സുരക്ഷിതമായും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിമാനങ്ങളുടെ പരമാവധി ഘടകങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിലൂടെ ഉല്‍പാദനച്ചെലവ് കുറയ്ക്കാനും അതുവഴി യാത്രാനിരക്ക് നിയന്ത്രിക്കാനുമാണ് ശ്രമം. അതേസമയം, വാണിജ്യ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകള്‍, സര്‍ട്ടിഫിക്കേഷന്‍, വെര്‍ട്ടിപോര്‍ട്ട് അടിസ്ഥാനസൗകര്യങ്ങള്‍, വ്യോമപാത നിയന്ത്രണം തുടങ്ങിയ നിരവധി ഘട്ടങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.

ഇവ വിജയകരമായി പൂര്‍ത്തിയായാല്‍ റോഡിലെ ട്രാഫിക്കിനെ ആശ്രയിക്കാതെ നഗരത്തിനുള്ളില്‍ അതിവേഗ യാത്ര സാധ്യമാക്കുന്ന പുതിയ ഗതാഗത സംവിധാനമായി ഫ്ളയിങ് ടാക്സികള്‍ മാറിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT