News & Views

ഇന്ത്യയില്‍ ഗോള്‍ഡ് ലോണ്‍ ബൂം! 365 ദിവസംകൊണ്ട് 3,000 പുതിയ ബ്രാഞ്ചുകള്‍ തുറക്കും; എന്‍ബിഎഫ്‌സികളുടെ ആത്മവിശ്വാസത്തിന് പിന്നിലെന്ത്?

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങി മുന്‍നിര എന്‍ബിഎഫ്‌സികളാണ് പുതിയ ബ്രാഞ്ചുകള്‍ വ്യാപകമായി തുടങ്ങാന്‍ മുന്നിലുള്ളത്. ടിയര്‍-2, ടിയര്‍-3 സിറ്റികളെയാണ് ഇത്തരം കമ്പനികള്‍ ലക്ഷ്യംവയ്ക്കുന്നത്

Dhanam News Desk

രാജ്യത്ത് ഗോള്‍ഡ് ലോണ്‍ വിപണി അതിവേഗ വളര്‍ച്ചയുടെ പാതയില്‍. സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബ്രാഞ്ചുകള്‍ തുറക്കുന്നതിന്റെ തിരക്കിലാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍. അടുത്ത 12 മാസത്തിനിടെ 3,000ത്തോളം പുതിയ ബ്രാഞ്ചുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് എന്‍ബിഎഫ്‌സികളെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യയിലെ സ്വര്‍ണ വായ്പകളുടെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഉയര്‍ന്ന് 14.5 ലക്ഷം കോടി രൂപയായി. റെക്കോര്‍ഡ് സ്വര്‍ണ വില, ചെറുകിട വായ്പകള്‍ക്കുള്ള ആവശ്യകതയിലെ വര്‍ധന, അണ്‍സെക്യുവേര്‍ഡ് വായ്പാ വിഭാഗത്തില്‍ കര്‍ശനമായ പരിശോധന എന്നിവ ഇതിന് കാരണമായി.

എന്തുകൊണ്ട് ഗോള്‍ഡ് ലോണ്‍?

വളരെ എളുപ്പത്തിലും വേഗത്തിലും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുമെന്നതാണ് ഗോള്‍ഡ് ലോണിനെ വ്യത്യസ്തമാക്കുന്നത്. ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായി ഇന്ത്യ മാറിയത് കഴിഞ്ഞ വര്‍ഷമാണ്. കുടുംബങ്ങളില്‍ കൂടുതല്‍ സ്വര്‍ണമുള്ളതിനാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണപണയത്തെ ആശ്രയിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങി മുന്‍നിര എന്‍ബിഎഫ്‌സികളാണ് പുതിയ ബ്രാഞ്ചുകള്‍ വ്യാപകമായി തുടങ്ങാന്‍ മുന്നിലുള്ളത്. ടിയര്‍-2, ടിയര്‍-3 സിറ്റികളെയാണ് ഇത്തരം കമ്പനികള്‍ ലക്ഷ്യംവയ്ക്കുന്നത്. പ്രാദേശിക സ്വര്‍ണപണയ സ്ഥാപനങ്ങളാണ് ഇത്തരം സ്ഥലങ്ങളില്‍ വിപണി നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ പെട്ടെന്ന് വിപണിയില്‍ മേധാവിത്വം നേടിയെടുക്കാമെന്ന ആത്മവിശ്വാസം ടിയര്‍-2, ടിയര്‍-3 സിറ്റികളിലേക്ക് പ്രവേശിക്കാന്‍ എന്‍ബിഎഫ്‌സികളെ പ്രേരിപ്പിക്കുന്നു.

മുത്തൂറ്റ് ഫിനാന്‍സ് 2026 മാര്‍ച്ചോടെ പുതുതായി 200 ശാഖകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ബജാജ് ഫിനാന്‍സ് മാര്‍ച്ച് 2027നകം ലക്ഷ്യം വച്ചിരിക്കുന്നത് 900 പുതിയ ശാഖകളാണ്. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ലിമിറ്റഡ് (എല്‍ആന്‍ഡ്ടി) ഗ്രൂപ്പിന്റെ എന്‍ബിഎഫ്‌സി വിഭാഗമായ എല്‍ആന്‍ഡ്ടി ഫിനാന്‍സ് ഈ വര്‍ഷം ലക്ഷ്യം വച്ചിരിക്കുന്നത് 200 പുതിയ ബ്രാഞ്ചുകളാണ്.

പിഡബ്ല്യുസിയുടെ കണക്കനുസരിച്ച് 2024ല്‍ രാജ്യത്ത് വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ വെറും 5.6 ശതമാനം മാത്രമാണ് സ്വര്‍ണ പണയ വായ്പ സ്ഥാപനങ്ങളിലെത്തിയിട്ടുള്ളത്. വളരെ വലിയൊരു മാര്‍ക്കറ്റിന്റെ ചെറിയ ശതമാനം മാത്രമാണ് ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. സ്വര്‍ണ വായ്പ ഡിമാന്‍ഡ് ഭാവിയില്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലും കമ്പനികളെ ആകര്‍ഷിക്കുന്നു.

സ്വര്‍ണ്ണ വായ്പകളുടെ കുടിശികയുടെ 80% വും ദക്ഷിണേന്ത്യയിലാണ്. ഇപ്പോള്‍ വായ്പാദാതാക്കള്‍ ലക്ഷ്യമിടുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളില്‍ ഇടത്തരം, ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വേഗത്തില്‍ വളരുന്ന സംസ്ഥാനങ്ങളിലേക്ക് കേരള കമ്പനികള്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT