Image Courtesy: x.com/PMOIndia, x.com/nsitharaman
News & Views

ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ച നീക്കം വെറുതെയായില്ല, നവംബര്‍ കളക്ഷനില്‍ വര്‍ധന; നിര്‍മലയുടെ 'കണക്കുകൂട്ടല്‍' തെറ്റിയില്ല?

ശതമാനക്കണക്കില്‍ ജിഎസ്ടി വരുമാനത്തില്‍ കേരളം നേട്ടമുണ്ടാക്കി. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പിറകോട്ട് പോയപ്പോള്‍ കേരളത്തില്‍ 7 ശതമാനം വര്‍ധനയുണ്ടായി

Dhanam News Desk

നവംബറിലെ ജിഎസ്ടി കളക്ഷനില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധന. ഒട്ടുമിക്ക സാധനങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി വെട്ടിക്കുറച്ച ശേഷമുള്ള രണ്ടാമത്തെ മാസത്തെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായ രണ്ടാംമാസത്തിലും ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നത് കേന്ദ്രത്തിന് ആശ്വാസമാണ്.

നവംബറിലെ ആകെ ജിഎസ്ടി കളക്ഷന്‍ 0.7 ശതമാനം ഉയര്‍ന്ന് 1,70,276 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാന മാസത്തില്‍ ഇത് 1,69,016 കോടി രൂപയായിരുന്നു. ഒക്ടോബറില്‍ ജിഎസ്ടി കളക്ഷനില്‍ 4.6 ശതമാനം വര്‍ധിച്ചിരുന്നു. 2024 ഒക്‌ടോബറിലെ 1.87 ലക്ഷം കോടിയില്‍ നിന്ന് 1.95 ലക്ഷം കോടി രൂപയായിട്ടായിരുന്നു വളര്‍ച്ച. ഏപ്രില്‍-നവംബര്‍ കാലത്തെ ജിഎസ്ടി പിരിവില്‍ 8.9 ശതമാനം വര്‍ധനയുണ്ട്. 14,75,488 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

ആഭ്യന്തര ജിഎസ്ടി വരുമാനം ചെറിയതോതില്‍ കുറഞ്ഞിട്ടുണ്ട്. 2.3 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ വര്‍ഷം നവംബറിലെ 1,27,281 കോടി രൂപയില്‍ നിന്ന് 1,24,300 കോടി രൂപയായിട്ടാണ് താഴ്ന്നത്. ജിഎസ്ടി നിരക്കുകളിലെ വലിയ ഇളവാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, ഇറക്കുമതിയില്‍ നിന്നുള്ള ജിഎസ്ടി 45,976 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തേതില്‍ നിന്ന് 10.2 ശതമാനത്തിന്റെ നേട്ടം.

കേരളത്തില്‍ വര്‍ധന

അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, അസം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജിഎസ്ടിയില്‍ നേട്ടമുണ്ടായി. അരുണാചല്‍പ്രദേശ് 33 ശതമാനം നേട്ടമുണ്ടാക്കി. മിസോറം (-41), സിക്കിം (-35), ലഡാക് (-28) എന്നിവിടങ്ങളില്‍ പക്ഷേ തിരിച്ചടി നേരിട്ടു.

ശതമാനക്കണക്കില്‍ ജിഎസ്ടി വരുമാനത്തില്‍ കേരളം നേട്ടമുണ്ടാക്കി. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പിറകോട്ട് പോയപ്പോള്‍ കേരളത്തില്‍ 7 ശതമാനം വര്‍ധനയുണ്ടായി. മഹാരാഷ്ട്ര 3 ശതമാനം, കര്‍ണാടക 5 ശതമാനവും നേട്ടം കൊയ്തു.

നവംബറില്‍ തിരിച്ചടി നേരിട്ട വലിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് മധ്യപ്രദേശ് ആണ്, -8 ശതമാനം. ഉത്തര്‍പ്രദേശും ഗുജറാത്തും -7 ശതമാനം വീതം കുറവുണ്ടായി. തമിഴ്‌നാട് (-4), ബംഗാള്‍ (-3) എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങളുടെ കണക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT