Image courtesy: canva  
News & Views

ട്രംപിന്റെ ഭീഷണി ഇന്ത്യ വകവയ്ക്കുന്നില്ലേ? എണ്ണ ഇറക്കുമതിയില്‍ 'ആശ്രയം' റഷ്യ തന്നെ! കണക്കുകള്‍ പുറത്ത്

രാജ്യത്ത് എണ്ണ ഉപഭോഗം കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ്, കാര്‍ഷിക മേഖലയിലെ മികച്ച വിളവ്, ഓട്ടോ രംഗത്തെ വളര്‍ച്ച എന്നിവയെല്ലാം എണ്ണ ഉപയോഗം ഉയരുന്നതിന് കാരണമായി

Dhanam News Desk

ഡൊണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്കിയിരുന്നു. യു.എസിന്റെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും എണ്ണ വാങ്ങല്‍ നിര്‍ത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ വിഷയത്തില്‍ ഇന്ത്യയുടെ നീക്കമെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ഈ ഏപ്രിലില്‍ എത്തി. പ്രതിദിന ഇറക്കുമതി 2.1 മില്യണ്‍ ബാരലാണ്. 2023 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്ത്യയ്ക്ക് നേട്ടം റഷ്യയ്ക്കും

റഷ്യന്‍ ക്രൂഡ് കൊണ്ടുപോകുന്ന കപ്പലുകള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതൊന്നും റഷ്യന്‍ എണ്ണയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിനെ ബാധിച്ചില്ല. അതേസമയം, മെയ് മാസത്തില്‍ റഷ്യന്‍ എണ്ണയുടെ വരവ് കുറഞ്ഞേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

മറ്റ് എണ്ണ വാങ്ങലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് റഷ്യയുടെ വില്പന. നിരക്ക് കുറവായതിനാല്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് ഇതു വലിയ ലാഭമാണ് താനും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ റഷ്യന്‍ എണ്ണശുദ്ധീകരണ ശാലകളില്‍ ആക്രമണം നടന്നിരുന്നു. ഇത് എണ്ണലഭ്യതയില്‍ കുറവു വരുത്തിയിരുന്നു. ഉത്പാദനം പൂര്‍വസ്ഥിതിയിലായതോടെ കയറ്റുമതിയും വര്‍ധിച്ചു.

എണ്ണ ഉപഭോഗം 15 വര്‍ഷത്തെ റെക്കോഡില്‍

രാജ്യത്ത് എണ്ണ ഉപഭോഗം കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ഉണര്‍വ്, കാര്‍ഷിക മേഖലയിലെ മികച്ച വിളവ്, ഓട്ടോ രംഗത്തെ വളര്‍ച്ച എന്നിവയെല്ലാം എണ്ണ ഉപയോഗം ഉയരുന്നതിന് കാരണമായി. 5.13 മില്യണ്‍ ബാരലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന എണ്ണ ഇറക്കുമതി.

അതേസമയം, താരിഫ് യുദ്ധത്തിന് ചെറിയ ശമനം വന്നതോടെ രാജ്യാന്തര എണ്ണവില ചെറിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരുഘട്ടത്തില്‍ 60 ഡോളറിലേക്ക് നിലംപതിച്ച എണ്ണവില ഇപ്പോള്‍ 66-67 ഡോളറിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT