Bollywood celebrities Facebook
News & Views

130 കോടി രൂപ ആസ്തി; നിരവധി കമ്പനികളില്‍ നിക്ഷേപം; 9.41 കോടി ഫോളോവേഴ്‌സ്; ആരാണ് ആ സെലിബ്രിറ്റി?

ഹുറൂണ്‍ ഇന്ത്യ വുമണ്‍ ലീഡേഴ്‌സ് ലിസ്റ്റില്‍ മുന്നിലുള്ള സെലിബ്രിറ്റി ഇന്‍വെസ്റ്ററാണ് ശ്രദ്ധ കപൂര്‍

Dhanam News Desk

ബോളിവുഡിന്റെ താരലോകത്ത് പ്രശസ്തിക്കും പണത്തിനും ഒട്ടും കുറവില്ല. ഗ്ലാമറിനൊപ്പം സമ്പത്തിലും ഇന്ത്യന്‍ സിനിമാ രംഗത്ത് തിളങ്ങി നില്‍ക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അഭിനയത്തിനൊപ്പം ബിസിനസിലും പങ്കാളിത്തം. പ്രശസ്തിയില്‍ ഹിന്ദി നടിമാരില്‍ ആരാണ് മുന്നില്‍ എന്ന ചോദ്യം മാത്രമാണ് ബാക്കി. കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ഈ 37 കാരിയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം.

ശ്രദ്ധ കപൂറിന്റെ നേട്ടങ്ങള്‍

പ്രിയങ്ക ചോപ്രയും കത്രീന കെയ്ഫും ആലിയ ഭട്ടും ദീപിക പദ്‌കോണുമെല്ലാം വെട്ടിപ്പിടിച്ച പ്രശസ്തിയുടെ പദവിയില്‍ 37 കാരിയായ ശ്രദ്ധ കപൂര്‍ എത്തിയത് അഭിനയരംഗത്തെ മികവ് കൊണ്ട് മാത്രമല്ല. ചലചിത്ര രംഗത്തെ ആരാധകര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലെ ഫോളേവേഴ്സിന്റെ കാര്യത്തിലും വിവിധ മേഖലകളിലെ നിക്ഷേപത്തിലും ആസ്തിയിലും ശ്രദ്ധ ഇന്ന് കോര്‍പ്പറേറ്റ് ലോകത്തും ശ്രദ്ധ നേടിയിരിക്കുന്നു.

ഹുറൂണ്‍ ലിസ്റ്റിലും അംഗീകാരം

2025 ഹുറൂണ്‍ ഇന്ത്യ വുമണ്‍ ലീഡേഴ്‌സ് ലിസ്റ്റില്‍ ശ്രദ്ധ കപൂര്‍, ഏറ്റവുമധികം ഫോളേവേഴ്‌സുള്ള സെലിബ്രിറ്റി ഇന്‍വെസ്റ്റര്‍ കാറ്റഗറിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പ്രിയങ്ക ചോപ്രയെ പിന്നിലാക്കിയാണ് ഈ നേട്ടം. സോഷ്യല്‍ മീഡിയയില്‍ 9.41 കോടി ഫോളോവേഴ്‌സാണ് ശ്രദ്ധക്കുള്ളത്. എക്‌സില്‍ മാത്രം 1.4 കോടി പേര്‍ ശ്രദ്ധയെ പിന്തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള പ്രിയങ്ക ചോപ്രക്ക് 9.24 കോടി ഫോളോവേഴ്‌സും. ആലിയ ഭട്ട്, കത്രീന കൈഫ്, ദീപിക പദ്‌കോണ്‍, അനുഷ്‌ക ശര്‍മ, ദിഷ പട്ടാനി, രംശ്മിക മന്ദാന, സാറ അലി ഖാന്‍ തുടങ്ങിയവരാണ് ഹുറൂണ്‍ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്.

15 വര്‍ഷം കൊണ്ടുള്ള വളര്‍ച്ച

പ്രമുഖ നടന്‍ ശക്തി കപൂറിന്റെയും ശിവാംഗി കപൂറിന്റെയും മകളായ ശ്രദ്ധ 2010 ല്‍ ചെറിയ വേഷത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. പ്രധാന വേഷം ചെയ്തത് 2011 ല്‍ പുറത്തിറങ്ങിയ ലവ് കാ ദ എന്‍ഡ് എന്ന ചിതത്തിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആഷിഖി-2 എന്ന ചിത്രത്തില്‍ ആദിത്യ റോയ് കപൂറിനൊപ്പം വേഷമിട്ട് താരപദവിയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് ഹൈദാര്‍, എബിസിഡി-2, ബാഗി, ചിച്ചോരെ, സാഹോ, സ്ത്രീ, തൂ ജൂത്തി മേം മക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായി.

സിനിമയില്‍ നിന്നുള്ള വരുമാനം വിവിധ ബിസിനസ് മേഖലയില്‍ നിക്ഷേപമാക്കി മാറ്റിയതോടെ ശ്രദ്ധയുടെ ആസ്തി 130 കോടി രൂപയായി. വളര്‍ന്നു. ലൈഫ് സ്റ്റൈല്‍, ഫാഷന്‍ മേഖലകളിലാണ് ശ്രദ്ധയുടെ നിക്ഷേപങ്ങള്‍ എറെയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT