News & Views

മിഡിൽ ഈസ്റ്റ് പ്രതിസന്ധിയോടെ ഇന്ത്യയിൽ ഓഫീസ് സ്പേസുകൾക്ക് വൻ ഡിമാൻ്റ്; കാരണം ഇതാണ്

കൊച്ചിയും കോഴിക്കോടും അടക്കമുള്ള നഗരങ്ങളില്‍ ഓഫീസ് അന്വേഷണങ്ങള്‍ കൂടുതലായി വര്‍ധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധവും അതു വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധികളും തുടരുമ്പോഴും ഇന്ത്യന്‍ ഓഫീസ് റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ പകുതി. 2026ന്റെ ആദ്യ ആറുമാസത്തില്‍ ഇന്ത്യയിലെ ഓഫീസ് സ്‌പേസ് വിപണി 45.5 ദശലക്ഷം ചതുരശ്ര അടി (sq. ft.) വിസ്തീര്‍ണമാണ് കൈവരിച്ചതെന്ന് മുന്‍നിര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ സിബിആര്‍ഇ (CBRE) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് വിപണി രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഓഫീസ് റിയല്‍ എസ്റ്റേറ്റ് ചരിത്രത്തില്‍ ആറുമാസ കാലയളവില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൊച്ചി അടക്കം രാജ്യത്തെ പ്രധാന ഓഫീസ് സ്‌പേസ് മാര്‍ക്കറ്റുകളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്.

യുദ്ധത്തിനിടയില്‍ എങ്ങനെ വളര്‍ന്നു?

യുദ്ധം മൂലം മിഡിയില്‍ ഈസ്റ്റ് രാജ്യങ്ങളുടെ സുരക്ഷിത താവളമെന്ന ഖ്യാതിക്കാണ് മങ്ങലേറ്റത്. ഇനിയുമൊരു പ്രതിസന്ധി മുന്നില്‍ കണ്ട് പല ആഗോള കമ്പനികളും ഇന്ത്യയിലേക്ക് കൂടി പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനിച്ചു. വിദേശ കമ്പനികള്‍ തങ്ങളുടെ ആഗോള കപ്പാസിറ്റി സെന്ററുകളും സാങ്കേതിക പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിന് ഇന്ത്യയെ പ്രധാന ഹബ്ബായി കണ്ടുതുടങ്ങി.

മൊത്തം ഓഫീസ് ഇടപാടുകളില്‍ 43 ശതമാനവും ജിസിസികളുടെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജിസിസി ഇടപാടുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

ഒരു ലക്ഷം ചതുരശ്ര അടിക്ക് മുകളിലുള്ള വന്‍കിട ഓഫീസ് ഇടപാടുകളില്‍ 53 ശതമാനവും നിയന്ത്രിക്കുന്നത് ജിസിസികളാണ്. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ബിസിനസ് സപ്പോര്‍ട്ട് എന്നീ മേഖലകളില്‍ ഇന്ത്യയുടെ ആഗോള മേധാവിത്വം അടിവരയിടുന്നതാണ് ഈ കണക്കുകള്‍.

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നായി ഇന്ത്യയിലെ 'ഫ്‌ലെക്‌സിബിള്‍ വര്‍ക്ക്സ്പേസ്' വിപണി മാറിയിട്ടുണ്ട്. കൊച്ചിയും കോഴിക്കോടും അടക്കമുള്ള നഗരങ്ങളില്‍ ഓഫീസ് അന്വേഷണങ്ങള്‍ കൂടുതലായി വര്‍ധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT