രാജ്യത്തെ നിയമസഭാ സാമാജികരുടെ സമ്പത്തിന്റെ കണക്കുകള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ടു. മുംബൈയിലെ ഘഡ്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായ പരാഗ് ഷായാണ് 3,383 കോടി രൂപയുടെ സ്വത്തുമായി പട്ടികയില്‍ ഒന്നാമതെത്തിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ ശിവകുമാര്‍ 1,413 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്.
പശ്ചിമബംഗാളിലെ ഇന്ദസ് മണ്ഡലത്തിലെ നിര്‍മല്‍ കുമാര്‍ ധരയാണ് രാജ്യത്തെ പരമദരിദ്രനായ എം.എല്‍.എ. വെറും 1,700 രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യമായി കാട്ടിയിരിക്കുന്നത്. ഇദ്ദേഹവും ബി.ജെ.പി അംഗമാണ്. തിരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകളാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
കേരളത്തിലെ നിലവിലുള്ള സാമാജികരുടെ കണക്കെടുത്താല്‍ കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടനാണ് ഏറ്റവും വലിയ സമ്പന്നന്‍. 34.77 കോടി രൂപയാണ് കുഴല്‍നാടന്റെ സമ്പാദ്യം. ദേശീയ തലത്തില്‍ 379ാം സ്ഥാനമാണ് കുഴല്‍നാടനുള്ളത്. എ.ഡി.ആര്‍ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വറിനാണ് ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ളത്. 64 കോടി രൂപയാണ് അന്‍വറിന്റെ സമ്പാദ്യം. ദേശീയതലത്തില്‍ 208ാം സ്ഥാനം. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ (481ാം സ്ഥാനം) 27.93 കോടി രൂപ, പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍ (664ാം സ്ഥാനം) 19.38 കോടി രൂപ എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് സാമാജികരുടെ സ്വത്ത് കണക്കുകള്‍.
100 കോടി രൂപക്ക് മുകളില്‍ സ്വത്തുള്ള എം.എല്‍.എമാരുടെ എണ്ണത്തില്‍ കര്‍ണാടകയാണ് മുന്നിലെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകയിലെ 31 എം.എല്‍.എമാര്‍ക്കാണ് 100 കോടിക്ക് മുകളില്‍ സ്വത്തുള്ളത്. 27 പേരുമായി ആന്ധ്രാപ്രദേശ് രണ്ടാം സ്ഥാനത്തും 18 പേരുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്. 14,179 കോടി രൂപയാണ് കര്‍ണാടകയിലെ നിയമസഭാ സാമാജികരുടെ ആകെ സമ്പത്ത്. ഇക്കാര്യത്തിലും കര്‍ണാടകയാണ് മുന്നില്‍.
Read DhanamOnline in English
Subscribe to Dhanam Magazine