2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ കുതിപ്പ്. 2.1 ശതമാനം വളര്‍ച്ചയോടെ 3.16 ലക്ഷം കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ഈ മേഖല നേടിത്തന്നത്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷം 3,09,859.3 ലക്ഷം കോടി രൂപയായിരുന്നു ഗാര്‍മെന്റ് കയറ്റുമതി വരുമാനം. ഇതാണ് വര്‍ധിച്ചത്. കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം ഇന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ഡൊണള്‍ഡ് ട്രംപിന്റെ ഇരട്ട തീരുവയില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ പ്രതിസന്ധിയുണ്ടായിട്ടും ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് വളര്‍ച്ച നേടാനായതിന് കാരണം സര്‍ക്കാര്‍ പിന്തുണയും വിപണി വൈവിധ്യവുമാണ്. ഇന്ത്യന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ഡിമാന്‍ഡ് കുറഞ്ഞില്ലെന്ന് കണക്കുകള്‍ അടിവരയിടുന്നു.
ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയുടെ പ്രധാന സംഭാവന റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് വിഭാഗത്തിനാണ്. 1,35,427.6 ലക്ഷം കോടിയില്‍ നിന്ന് 1,39,349.6 ലക്ഷം കോടിയിലേക്കാണ് ഈ രംഗത്തെ വരുമാനം ഉയര്‍ന്നത്.
ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ 120 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്തത്. യുഎഇ (22.3 ശതമാനം), യുകെ (7.8), ജര്‍മനി (9.9), സ്‌പെയ്ന്‍ (15.5), ജപ്പാന്‍ (20.6), ഈജിപ്ത് (38.3) തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചു.
വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കയറ്റുമതിക്ക് ഗുണംചെയ്തു. യുഎസിലേക്കുള്ള കയറ്റുമതി പഴയനിലയിലേക്ക് ആകുന്നതോടെ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് അടുത്ത വര്‍ഷം വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
തീരുവ കാലത്തെ പ്രതിസന്ധിയില്‍ നിന്ന് തിരുപ്പൂരിലെയും സൂറത്തിലെയും ഗാര്‍മെന്റ്‌സ് ഇന്‍ഡസ്ട്രി തിരിച്ചുവരവിന്റെ പാതയിലാണ്. ഫാക്ടറികള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ പൂര്‍ണതോതില്‍ എത്തുന്നതോടെ ഗാര്‍മെന്റ്‌സ് കയറ്റുമതിയില്‍ വലിയ നേട്ടം കൊയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine