രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് പ്രതിസന്ധി നാലാം ദിവസത്തിലേക്ക്. വ്യാഴാഴ്ച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് റദ്ദാക്കിയത് 550 സര്‍വീസുകള്‍. ജീവനക്കാരുടെ പുതുക്കിയ വിശ്രമ നിയമമാണ് ഇന്‍ഡിഗോക്ക് കുരുക്കായത്. സര്‍വീസ് മുടങ്ങിയതോടെ യാത്രക്കാര്‍ പലയിടത്തും പ്രതിഷേധിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് ഇന്‍ഡിഗോക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. എന്നാലും സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഫെബ്രുവരി പത്താകുമെന്നാണ് കമ്പനിയുടെ വിശദീകരണം.
വെള്ളിയാഴ്ചയും ഇന്‍ഡിഗോയുടെ പല സര്‍വീസുകളും മുടങ്ങിയെന്നാണ് വിവരം. രാവിലെയുള്ള ഡല്‍ഹി പൂനെ വിമാനങ്ങള്‍ റദ്ദ് ചെയ്‌തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനം ഇന്ന് പുലര്‍ച്ചെയോടെ റദ്ദാക്കി. ഇതോടെ ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രണ്ട് സര്‍വീസുകള്‍ റദ്ദാക്കുകയും നാലെണ്ണം വൈകുകയും ചെയ്തു.
അതേസമയം, വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് ഇന്‍ഡിഗോ പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി പത്തോടെയേ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകൂ. സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) സിവില്‍ വ്യോമയാന മന്ത്രാലയവും അടിയന്തര യോഗം ചേര്‍ന്നിരുന്നു. സര്‍വീസുകളുടെ എണ്ണം ഡിസംബര്‍ എട്ട് മുതല്‍ വെട്ടിക്കുറക്കുമെന്ന് ഇന്‍ഡിഗോ യോഗത്തില്‍ അറിയിച്ചു. ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്.ഡി.ടി.എല്‍) നടപ്പിലാക്കുമ്പോഴുള്ള മുന്‍കരുതലുകളുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഡി.ജി.സി.എ വിശദീകരിക്കുന്നു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് ഇന്‍ഡിഗോ ആവശ്യപ്പെട്ടിട്ടുമുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രതിദിനം 2,300 സര്‍വീസുകളാണ് നടത്തി വന്നിരുന്നത്. പ്രതിസന്ധി ബാധിച്ചതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രതിദിനം ശരാശരി 300 സര്‍വീസുകളെങ്കിലും റദ്ദാക്കി. പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകിയാണ് നടക്കുന്നത്. കഴിഞ്ഞ മാസം എഫ്.ഡി.ടി.എല്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 1,232 സര്‍വീസുകള്‍ റദ്ദാക്കിയെന്നും ഡി.ജി.സി.എ പറയുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരിയും ശ്രദ്ധാകേന്ദ്രമാണ്. ഇന്നലെ 2.39 ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്. ഈ ആഴ്ച ആറ് ശതമാനത്തോളം ഇടിഞ്ഞു. ഓഹരിക്ക് ബൈ (Buy) റേറ്റിംഗ് നിലനിറുത്തിയ സിറ്റി ലക്ഷ്യവില 6,500 രൂപയില്‍ നിലനിറുത്തി. സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ കമ്പനി നടത്തുന്ന പരിശ്രമങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷ്യം കാണുമെന്നാണ് ബ്രോക്കറേജുകളുടെ വാദം. എന്നാല്‍ ഓഹരി ഓവര്‍ വെയിറ്റ് ആണെന്ന് റേറ്റിംഗ് നല്‍കിയ മോര്‍ഗന്‍ സ്റ്റാന്‍ലി ലക്ഷ്യവില 6,540 രൂപയായി കുറച്ചു.
- യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇന്‍ഡിഗോയും വിമാനത്താവള അധികൃതരും പുറത്തിറക്കിയ അറിയിപ്പ് ശ്രദ്ധിക്കുക
- വെബ്‌സൈറ്റുകള്‍ വഴി ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
- അവസാന നിമിഷ യാത്രക്കൊരുങ്ങാതെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്, തടസങ്ങളുണ്ടായാലും ടെന്‍ഷനില്ലാതെ ലക്ഷ്യത്തിലെത്താം
- ഒരു പക്ഷേ വിമാനം വൈകിയാല്‍ അത്യാവശ്യം കഴിക്കാന്‍ വേണ്ട ലഘുഭക്ഷണവും വെള്ളവും കരുതാം
- വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ നിലവിലെ നിയമം അനുസരിച്ച് റീഫണ്ട്, തീയതി മാറ്റം നഷ്ടപരിഹാരം എന്നിവ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇക്കാര്യം സൗമ്യതയോടെ വിമാനജീവനക്കാരുമായി ചര്‍ച്ച ചെയ്യണം
Read DhanamOnline in English
Subscribe to Dhanam Magazine