Image Credit: archer.com 
News & Views

ഇന്‍ഡിഗോ എയര്‍ടാക്‌സി വരുന്നു; 27 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 7 മിനിറ്റ് മാത്രം, നിരക്കും കുറവ്!

പൈലറ്റിനെ കൂടാതെ നാല് പേര്‍ക്ക് ഈ എയര്‍ടാക്‌സിയില്‍ യാത്ര ചെയ്യാം

Dhanam News Desk

വിദേശ രാജ്യങ്ങളില്‍ വലിയ തോതില്‍ യാത്രക്കാരെ ആകര്‍ഷിച്ച എയര്‍ടാക്‌സി സംവിധാനം ഇന്ത്യയിലും എത്തുന്നു. ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് ആണ് രാജ്യത്ത് ഈ സംവിധാനം എത്തിക്കുന്നത്. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ടാക്‌സി 2026 ആദ്യം മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യത്തെ റൂട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്കാണ്. 27 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടില്‍ കാറില്‍ സഞ്ചരിക്കാന്‍ ഒന്നര മണിക്കൂറോളമാണ് എടുക്കുന്നത്. എന്നാല്‍ എയര്‍ടാക്‌സിയില്‍ വെറും 7 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്ത് എത്താം. ട്രാഫിക് ബ്ലോക്കിനെ പേടിക്കേണ്ടെന്ന് മാത്രമല്ല കാര്‍ ടാക്‌സി നിരക്കിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നിരക്ക് ഏറെ കൂടുതലുമല്ല.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

നിലവില്‍ കാറില്‍ 1,500 രൂപയാണ് നിരക്ക്. എയര്‍ ടാക്‌സിയില്‍ 2,000-3,000 രൂപ നിരക്കില്‍ യാത്ര ചെയ്യാം. യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ എവിയേഷന്‍ ആണ് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (evtol) എയര്‍ക്രാഫ്റ്റ് ലഭ്യമാക്കുന്നത്. പൈലറ്റിനെ കൂടാതെ നാല് പേര്‍ക്ക് ഈ എയര്‍ടാക്‌സിയില്‍ യാത്ര ചെയ്യാം.

ശബ്ദം തീരെക്കുറവ്, അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താം

ഹെലികോപ്ടറുമായി സാമ്യമുണ്ടെങ്കിലും തീരെക്കുറച്ച് ശബ്ദം മാത്രമാണ് ഇതിനുണ്ടാകുക. കൂടുതല്‍ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്നു. പൂര്‍ണമായും ബാറ്ററിയിലാണ് എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിക്കുക. 6 ബാറ്ററി ഇതില്‍ ഉണ്ടാകും. പൂര്‍ണമായും ചാര്‍ജ് ആകുന്നതിന് 30-40 മിനിറ്റ് മാത്രമാണ് എടുക്കുക.

അധികം വൈകാതെ തന്നെ മുംബൈയിലും ബംഗളൂരുവിലും എയര്‍ടാക്‌സി സര്‍വീസ് ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ട്രാഫിക് ബ്ലോക്കില്‍ കഷ്ടപ്പെടുന്ന ഇന്ത്യയില്‍ ഈ സംവിധാനം വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

പത്തുവര്‍ഷത്തിനകം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം എയര്‍ടാക്‌സി സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസ് വ്യക്തമാക്കുന്നു. ആദ്യ വര്‍ഷം 200ഓളം എയര്‍ക്രാഫ്റ്റുകളാകും ഇത്തരത്തില്‍ സര്‍വീസ് നടത്തുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT