സി.ഐ.ഐ കൊച്ചിയില്‍ സംഘടിപ്പിച്ച ബജറ്റ് വിലയിരുത്തല്‍ സെഷനില്‍ നിന്ന് 
News & Views

ദീര്‍ഘകാല സാമ്പത്തിക നയങ്ങള്‍ പ്രതിഫലിക്കുന്നു, കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് വ്യവസായ കേരളം

കൊച്ചിയില്‍ സി.ഐ.ഐ സംഘടിപ്പിച്ച ബജറ്റ് വിലയിരുത്തലില്‍ പങ്കെടുത്ത ബിസിനസ് രംഗത്തെ പ്രമുഖരും ഭാവി ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന വികാരമാണ് പങ്കുവച്ചത്

Dhanam News Desk

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വലിയ പ്രഖ്യാപനങ്ങളില്‍ ഊന്നിയുള്ളതായിരുന്നില്ല. എയിംസും റെയില്‍വേ പ്രോജക്ടുകളും അടക്കം വലിയ പദ്ധതികള്‍ ലഭിക്കുമെന്ന പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു.

അതേസമയം, ബജറ്റിനെ സ്വാഗതം ചെയ്യുകയാണ് കേരളത്തിലെ വ്യവസായിക ലോകം. മികച്ച വളര്‍ച്ചാ നിരക്കും ദീര്‍ഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന വിലയിരുത്തലാണ് ബിസിനസ് ലോകത്തിനുള്ളത്. നികുതി നിയമങ്ങള്‍ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യതകള്‍ക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് നല്കുന്നതെന്നാണ് സംരംഭകരുടെ പ്രതികരണം.

കൊച്ചിയില്‍ സി.ഐ.ഐ സംഘടിപ്പിച്ച ബജറ്റ് വിലയിരുത്തലില്‍ പങ്കെടുത്ത ബിസിനസ് രംഗത്തെ പ്രമുഖരും ഭാവി ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന വികാരമാണ് പങ്കുവച്ചത്.

പ്രധാന വളര്‍ച്ചാ മേഖലകളുടെ സമഗ്രമായ വികസനത്തില്‍ ഊന്നിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രതികരിച്ചു. അപൂര്‍വ ധാതുക്കളുടെ സംസ്‌കരണത്തിനായുള്ള പദ്ധതികള്‍, പ്രത്യേക കെമിക്കല്‍ പാതകള്‍ സജ്ജമാക്കല്‍, ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍, ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വി പി നന്ദകുമാര്‍ പറഞ്ഞു.

എം.എ യൂസഫലി: പ്രവാസി സമൂഹത്തിനും ബിസിനസുകാര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റെന്ന് എം.എ യൂസഫലി പ്രതികരിച്ചു. പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയര്‍ത്തിയത്, ഫെമ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടി ഊര്‍ജ്ജമേകുന്നതാണ് യൂസഫലി പ്രതികരിച്ചു.

ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ്: ഇന്ത്യയിലെ കുടുംബങ്ങളുമായും എംഎസ്എംഇ സമ്പദ്വ്യവസ്ഥയുമായും ആഴത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു എന്‍ബിഎഫ്‌സി എന്ന നിലയില്‍, 'വികസിത് ഭാരതം' ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തില്‍ എന്‍ബിഎഫ്‌സികള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ 2026-27 ലെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വൈവിധ്യമാര്‍ന്നതും ഔദ്യോഗികവുമായ വായ്പാ സേവനങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കുന്നതില്‍ അര്‍ദ്ധ-അനൗദ്യോഗിക വിഭാഗങ്ങള്‍ക്കുള്ള പ്രാധാന്യം ഈ ബജറ്റ് അടിവരയിടുന്നു. പതിനായിരം കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട്, വായ്പാ ഗാരണ്ടി സംവിധാനങ്ങളുമായി ടിആര്‍ഇഡിഎസ് പ്ലാറ്റ്ഫോമിനെ കൂടുതല്‍ സംയോജിപ്പിക്കാനുള്ള തീരുമാനം, കോര്‍പ്പറേറ്റ് ബോണ്ട് വിപണിയെ ശക്തമാക്കുന്ന നീക്കങ്ങള്‍ എന്നിവ വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്തുകയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് മികച്ച സാമ്പത്തിക അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

വിപുലമായ തലത്തില്‍ വിശകലനം ചെയ്യുമ്പോള്‍, സാമ്പത്തിക അച്ചടക്കവും ദീര്‍ഘകാല സുസ്ഥിരതയും മുന്‍നിര്‍ത്തിയുള്ള ഒന്നാണ് ഈ ബജറ്റ്. ഹ്രസ്വകാല ഉത്തേജനങ്ങളേക്കാള്‍ സുസ്ഥിരമായ വളര്‍ച്ചയ്ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ധനകമ്മി ജിഡിപിയുടെ 4.3 ശതമാനമായി കുറച്ചതും, പൊതു മൂലധനച്ചെലവ് 12.2 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചതും സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ വളര്‍ച്ചയ്ക്ക് സുസ്ഥിരമായ ഒരു അടിത്തറ പാകാന്‍ ഇത് സഹായിക്കും.

ചെറിയ പട്ടണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും, വ്യവസായ ക്ലസ്റ്ററുകള്‍ പുനരുദ്ധരിക്കുന്നതും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലളിതമാക്കുന്നതും ഇന്ത്യയിലെ അനൗദ്യോഗിക-അര്‍ദ്ധ അനൗദ്യോഗിക സമ്പദ്ഘടനയുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസൃതമായ നടപടികളാണ്. സംരംഭകരെ സഹായിക്കുന്നതിലും ഉപഭോഗാധിഷ്ഠിത വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിലും എല്ലാവരെയും ഔദ്യോഗിക സാമ്പത്തിക സേവനങ്ങളിലേക്ക് കൊണ്ടുവരുന്നതിലും ഉപഭോക്തൃ കേന്ദ്രീകൃതമായ എന്‍ബിഎഫ്‌സികള്‍ക്കുള്ള പങ്ക് വീണ്ടും ഉറപ്പിക്കുന്ന ബജറ്റ് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ജോണ്‍ മുത്തൂറ്റ്: ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സന്തുലിതവും ഭാവിയിലേക്കുള്ളതുമായ ഒരു മാര്‍ഗരേഖയാണ് ബജറ്റെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ചെയര്‍മാനും സി.ഐ.ഐ സതേണ്‍ റീജിയണ്‍ ചെയര്‍മാനുമായ തോമസ് ജോണ്‍ മുത്തൂറ്റ് പ്രതികരിച്ചു. എംഎസ്എംഇ, കാര്‍ഷിക, വിദ്യാഭ്യാസ, മാനുഫാക്ചറിംഗ് തുടങ്ങി പ്രധാന മേഖലകളെ ശക്തിപ്പെടുത്താന്‍ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.

വി.എ റസാഖ്: സാമ്പത്തിക അച്ചടക്കവും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരങ്ങളും ഒന്നുചേരുന്ന ബജറ്റാണിത്. ഭാവിയെ ലക്ഷ്യംവച്ചുള്ളതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതുമാണ് ബജറ്റ്. സംസ്ഥാനത്തിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റ് ഉപകരിക്കുമെന്ന് സി.ഐ.ഐ കേരള ചെയര്‍മാന്‍ കൂടിയായ വി.എ റസാഖ് വ്യക്തമാക്കി.

ജോസ് ഡൊമിനിക്: ടൂറിസത്തിലൂടെയും സേവന മേഖലയിലൂടെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊഴിലവസര സൃഷ്ടിക്കും ബജറ്റ് ഊന്നല്‍ നല്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT