News & Views

വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ; കേരള ബജറ്റിനെ സ്വാഗതം ചെയ്ത് എം.എ യൂസഫലിയും വ്യവസായ സംഘടനകളും

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകുന്നത്

Dhanam News Desk

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജം ഏകുന്നതെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് വേഗത നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.

ഇൻവെസ്റ്റ് കേരളം സെൽ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖലയായ സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകുന്നതാണെന്നും എം.എ യൂസഫലി പറഞ്ഞു.

ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കും

നിക്ഷേപം, സംരംഭകത്വം, അടിസ്ഥാന സൗകര്യ വികസനം, മാനവവിഭവശേഷി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിനുള്ള വ്യക്തമായ കര്‍മ്മപദ്ധതിയാണ് കേരള ബജറ്റ് മുന്നോട്ടുവെക്കുന്നത്. 10,000 ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണ, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കല്‍, കേരള നോളജ് വാലി പോലുള്ള പദ്ധതികളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍, അടിസ്ഥാന സൗകര്യ വികസനത്തിന് നല്‍കുന്ന ഊന്നല്‍ എന്നിവ കൂടുതല്‍ മത്സരക്ഷമവും ഭാവിക്ക് അനുയോജ്യവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കും.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകള്‍ക്ക് മൂലധനവും വിപണിയും വളര്‍ച്ചാ അവസരങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനും സഹായകമാകും. ബജറ്റ് പ്രഖ്യാപനങ്ങള്‍ സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വ്യവസ്ഥാപിതമായ വായ്പാ വിതരണം പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തിന്റെ ദീര്‍ഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നുമാണ് വിപണി മൂല്യമനുസരിച്ച് കേരളത്തിലെ ഏറ്റവും വലിയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വിലയിരുത്തല്‍.

വ്യോമയാന മേഖലയ്ക്ക് കുതിപ്പേകും: സിയാല്‍

കേരളത്തിലെ വ്യോമയാന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപം, തൊഴിലവസരങ്ങൾ, അടിസ്ഥാനസൗകര്യ-വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന ബജറ്റിൽ നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ജനറൽ ഏവിയേഷൻ മേഖലയ്ക്കായി 200 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

സുസ്ഥിര വ്യോമയാനവും പുനരുപയോഗ ഊർജ വികസനവും ലക്ഷ്യമിടുന്ന ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിർദേശത്തിന് ബജറ്റിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മേഖലയിൽ, ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹകരണത്തോടെ രാജ്യത്താദ്യമായി ഒരു വിമാനത്താവള പരിസരത്ത് നിർമ്മിക്കുന്ന 4 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി സിയാൽ മുന്നേറുകയാണ്. വ്യോമയാന മേഖലയ്ക്ക് ബജറ്റിൽ നൽകിയിരിക്കുന്ന പ്രത്യേക പരിഗണന കേരളത്തെ രാജ്യത്തെ പ്രമുഖ വ്യോമയാന-എയ്റോസ്പേസ് കേന്ദ്രങ്ങളിലൊന്നായി ഉയർത്തുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും എസ്. സുഹാസ് പറഞ്ഞു.

ദീർഘവീക്ഷണമുള്ള ബജറ്റ്: അസോചം

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 ലെ പുതുക്കിയ ബജറ്റിനെ അസോചം (ദി അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) കേരള സ്റ്റേറ്റ് കൗൺസിൽ സ്വാഗതം ചെയ്തു. ‘ഇൻവെസ്റ്റ് കേരളം’, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്‍റ് സോണുകൾ, കേരള നോളജ് വാലി, ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് സിറ്റി, മിഷൻ സമുദ്ര, ഏവിയേഷൻ ഹബ്, എം.എസ്.എം.ഇ. വളർച്ചാ പദ്ധതികൾ എന്നിവ സംസ്ഥാനത്ത് നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് അസോചത്തിന്റെ പ്രതീക്ഷയെന്ന് അസോചം കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ രാജ സേതുനാഥ് പറഞ്ഞു.

ഹോംസ്റ്റേ മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങൾ സ്വാഗതാർഹം

2026-27 ലെ പുതുക്കിയ ബജറ്റിൽ ഗ്രാമീണ ടൂറിസം, കമ്മ്യൂണിറ്റി ടൂറിസം, ഉത്തരവാദിത്ത ടൂറിസം (Responsible Tourism), ഹോംസ്റ്റേ മേഖല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പ്രഖ്യാപിച്ച പദ്ധതികളെയും നയപരമായ സമീപനത്തെയും കേരള ഹോം സ്റ്റേ & ടൂറിസം സൊസൈറ്റി (Kerala HATS) സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ചെയർമാൻ എം.പി. ശിവദത്തൻ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം, ഗ്രാമീണ ടൂറിസം പദ്ധതികൾ എന്നിവയ്ക്ക് നൽകിയിരിക്കുന്ന പ്രാധാന്യം സംസ്ഥാനത്തെ ആയിരക്കണക്കിന് ഹോംസ്റ്റേ സംരംഭകർക്കും ചെറുകിട ടൂറിസം സംരംഭകർക്കും ഗുണകരമാകും. ഗ്രാമീണ ടൂറിസം മേഖലയോടും ഹോംസ്റ്റേ സംരംഭകരോടും സർക്കാർ സ്വീകരിച്ചിരിക്കുന്ന അനുകൂല സമീപനം സംസ്ഥാന ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവും വളർച്ചയും നൽകുമെന്നും എം.പി. ശിവദത്തൻ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT