കേരളത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ദിശാബോധം നല്‍കുന്നതിനായി മികച്ച സംഭാവനകള്‍ നല്‍കിയ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (INMECC) ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ബഹുമതികള്‍ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള 'ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്' പുരസ്കാരത്തിന് പ്രമുഖ സംരംഭകന്‍ ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനെ തിരഞ്ഞെടുത്തു. കേരളത്തിലെ വ്യവസായ വളര്‍ച്ചക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്കാരം നല്‍കുന്നത്.
കേരളത്തിന്റെ വ്യാവസായിക ഭൂപടത്തെ ഇന്ത്യക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തുന്നതിനും പരിശ്രമിച്ച പത്ത് വ്യവസായികളെ 'ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട്' പുരസ്കാരം നല്‍കി ആദരിക്കും.
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡോ. വിജു ജേക്കബ്, ഗോകുലം ഗ്രൂപ്പിന്റെ ഗോകുലം ഗോപാലന്‍, ഐ.ബി.എസ് സോഫ്‌റ്റ്‌വെയറിന്റെ വി.കെ മാത്യൂസ്, ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡിന്റെ ഡോ. കെ.വി ടോളിന്‍, മുരള്യ എസ്.എഫ്.സി ഗ്രൂപ്പിന്റെ കെ. മുരളീധരന്‍, വി.കെ.സി ഗ്രൂപ്പിന്റെ വി.കെ റസാഖ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷീല കൊച്ചൗസേപ്പ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡിന്റെ പി.കെ മായന്‍ മുഹമ്മദ്, എ.വി.എ മെഡിമിക്സ് ഗ്രൂപ്പിന്റെ ഡോ. എ.വി അനൂപ് എന്നിവര്‍ക്കാണ് അംഗീകാരം നല്‍കുന്നത്.
2024 നവംബര്‍ 26 ന് കൊച്ചിയിലെ ഹോട്ടല്‍ താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. പീഡിത വ്യവസായ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുളള സഹായങ്ങള്‍ ഒരുക്കുന്നതിനും ഇന്‍മെക്ക് മുന്‍കൈ എടുക്കുന്നു.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റുന്നതിനായി തയ്യാറാക്കിയ പുതിയ വ്യവസായിക നയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചടങ്ങില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള വിശിഷ്ട അതിഥികളും സംരംഭകരും ചടങ്ങില്‍ പങ്കെടുക്കും.
ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine