News & Views

സംരംഭങ്ങളെ ഏഴു വിഭാഗങ്ങളായി തിരിക്കും, പദ്ധതികള്‍ വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റികള്‍; ഇന്‍വെസ്റ്റ് കേരളയില്‍ തുടര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി

നിലവില്‍ 31 പ്രൈവറ്റ് എസ്റ്റേറ്റുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Dhanam News Desk

ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ വന്ന താല്പര്യ പത്രങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികളുണ്ടാകുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വലിയ സ്വീകരണമാണ് ഇന്‍വെസ്റ്റ് കേരളയ്ക്ക് ലഭിച്ചത്. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ ഇത്തരം ഉച്ചകോടികളിലൂടെ സാധിക്കും.

374 കമ്പനികളില്‍ നിന്നായി 1,52,905 കോടിയുടെ നിക്ഷേപ താല്‍പ്പര്യപത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. നിയമപരമായി നടത്താന്‍ സാധിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും പിന്തുണ നല്‍കും. പ്രായോഗികമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വിലയിരുത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ചയിലൊരിക്കല്‍ വിലയിരുത്തുന്നത് കൂടാതെ മന്ത്രി തലത്തില്‍ എല്ലാമാസവും വിലയിരുത്തല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സൂക്ഷ്മ പരിശോധന ഉടന്‍

ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താല്‍പ്പര്യപത്രങ്ങളിലും രണ്ടാഴ്ചക്കുള്ളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉടന്‍ ആരംഭിക്കാന്‍ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളില്‍ ആരംഭിക്കാന്‍ സാധിക്കുന്നത് എന്നിങ്ങനെ തരം തിരിക്കും.

വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളില്‍ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡല്‍ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രവര്‍ത്തിക്കും. ഇവയെ ഏഴ് മേഖലകളാക്കി തിരിക്കും.

ഏഴ് മേഖലകളില്‍ മാനേജര്‍മാര്‍ക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഏഴ് ഗ്രൂപ്പുകളെയും രൂപീകരിക്കും. ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാന്‍ കഴിയാവുന്ന വിധത്തില്‍ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്ബോര്‍ഡ് ഉണ്ടായിരിക്കും. ഇതില്‍ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രോജക്റ്റുമായി ബന്ധപ്പെട്ട അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ സെക്രട്ടറി തല കമ്മിറ്റി ഉണ്ടാകും.

സമ്മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. സമ്മിറ്റിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് വ്യവസായിക ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അത്തരം ഭൂമിയുടെ വിവരങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികള്‍ ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

കിന്‍ഫ്ര, കെഎസ്ഐഡിസി, സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവയുടെ വിവരങ്ങള്‍ കൂടി ആപ്പില്‍ ലഭ്യമാക്കും. നിലവില്‍ 31 പ്രൈവറ്റ് എസ്റ്റേറ്റുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT