x.com/pinarayivijayan/media, x.com/PRajeevOfficial
News & Views

പ്രഖ്യാപനം ലക്ഷം കോടി കടന്നു, നിക്ഷേപകരിലേറെയും പഴയ മുഖങ്ങള്‍; പുതിയ തുടക്കത്തിന് വേണം തുടര്‍ച്ച, ഇന്‍വെസ്റ്റ് കേരളയില്‍ ഇനിയെന്ത്?

യു.പി മുതല്‍ മധ്യപ്രദേശ് വരെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളൊക്കെയും ഇത്തരം വ്യവസായ അനുകൂല അന്തരീക്ഷത്തില്‍ ഏറെ മുന്നേറി. കേരളത്തിന് മത്സരം കടുക്കും

Dhanam News Desk

നിക്ഷേപകര്‍ക്കും കേരളത്തിലെ വാണിജ്യ ലോകത്തിനും ആവേശവും ആകാംക്ഷയും പകര്‍ന്ന് മറ്റൊരു നിക്ഷേപക ഉച്ചകോടി കൂടി അവസാനിച്ചു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ വ്യവസായ അനുകൂല നിലമൊരുക്കാന്‍ പല തരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പലതും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയോ തുടര്‍ച്ചകളില്ലാതെ പാതിവഴിയില്‍ അവസാനിക്കുകയോ ആയിരുന്നു. പ്രഥമ ഇന്‍വെസ്റ്റ് കേരള സമ്മിറ്റ് അവസാനിക്കുമ്പോള്‍ വ്യവസായ കേരളത്തിന് പ്രതീക്ഷകളേറെയാണ്.

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്, തുടര്‍ച്ച വേണം

22 വര്‍ഷം മുമ്പായിരുന്നു കേരളം ആദ്യമായി വിപുലമായ രീതിയില്‍ നിക്ഷേപക സംഗമം നടത്തിയത്. ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് (ജിം) എന്ന പേരിലായിരുന്നു അത്. അന്ന് വലിയ നിക്ഷേപക പ്രഖ്യാപനങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും മുന്നോട്ടു പോയില്ല. ആദ്യ ഘട്ടത്തിലെ ആവേശം തണുത്തുറഞ്ഞപ്പോള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയാറെടുത്തവര്‍ പോലും മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ചേക്കേറി. തുടര്‍ച്ച ഇല്ലാതെ പോയതാണ് ജിമ്മിന് പദ്ധതികളെ ക്രോഡീകരിക്കാനോ പൂര്‍ത്തീകരണത്തിലേക്കോ കൊണ്ടെത്തിക്കാന്‍ സാധിക്കാത്തത്.

ഇന്‍വെസ്റ്റ് കേരളയ്ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ താല്പര്യപത്രം നല്‍കിയ കമ്പനികളുടെ പരിശോധന ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാകുമെന്നും പിന്നാലെ അനുയോജ്യമായവയ്ക്ക് അനുമതി നല്‍കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചകളില്ലെങ്കില്‍ നഷ്ടം കേരളത്തിനു തന്നെയാണ്.

മുമ്പൊക്കെ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലായിരുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യ സംസ്ഥാനങ്ങള്‍. എന്നാല്‍ കാലംമാറി. യു.പി മുതല്‍ മധ്യപ്രദേശ് വരെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളൊക്കെയും ഇത്തരം വ്യവസായ അനുകൂല അന്തരീക്ഷത്തില്‍ ഏറെ മുന്നേറി.

കഴിഞ്ഞ ഡിസംബറില്‍ റൈസിംഗ് രാജസ്ഥാന്‍ എന്നപേരില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ ഉച്ചകോടിയില്‍ 35 ലക്ഷം കോടി രൂപയുടെ ധാരണപത്രങ്ങളാണ് ഒപ്പിട്ടത്. ഇന്‍വെസ്റ്റ് കേരളയില്‍ ഐ.ടി, ടൂറിസം, മെഡിക്കല്‍ അനുബന്ധ പദ്ധതികള്‍ക്കാണ് പ്രധാന്യം കൂടുതല്‍ നല്‍കിയത്. എന്നാല്‍ സോളാര്‍ എനര്‍ജി, സിമന്റ്, മൈനിംഗ് തുടങ്ങി പരോക്ഷ തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്കാണ് രാജസ്ഥാന്‍ ഊന്നല്‍ കൊടുത്തത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപക സംഗമങ്ങളിലെ പ്രഖ്യാപനങ്ങളുടെ പത്തുശതമാനം പോലും നടപ്പിലാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല.

ഇവിടെയാണ് തുടര്‍ച്ചയുടെ പ്രസക്തി. ഇന്‍വെസ്റ്റ് കേരളയിലേക്ക് നിക്ഷേപത്തിനു വന്ന കമ്പനികളിലേറെയും ഗള്‍ഫ് മേഖലയില്‍ നിന്നോ കേരളത്തിലെ തന്നെ വ്യവസായികളില്‍ നിന്നോ ആണ്. നിക്ഷേപമായി പ്രഖ്യാപിച്ചതില്‍ ചില പദ്ധതികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായതാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പദ്ധതികളെ ഫലപ്രദമായി ഫോളോഅപ്പ് ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ പ്രഖ്യാപനങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കാനാകൂ. അതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കുമെന്ന മന്ത്രിയുടെ വാക്കുകള്‍ പ്രതീക്ഷ പകരുന്നതാണ്.

വിദേശ കമ്പനികളുടെ സാന്നിധ്യം

കേരളത്തിലെ പരിചിത വ്യവസായ മുഖങ്ങള്‍ തന്നെയായിരുന്നു ഇന്‍വെസ്റ്റ് കേരളയില്‍ നിറഞ്ഞു നിന്നത്. വിദേശ നിക്ഷേപകരെ എത്രത്തോളം ആകര്‍ഷിക്കാനും അവരെ ഉച്ചകോടിയിലേക്ക് എത്തിക്കാനുമായെന്നത് ചര്‍ച്ചയാകേണ്ടതാണ്. വ്യക്തമായ ധാരണയോ കൃത്യമായ ഗൃഹപാഠമോ ചെയ്യാതെ വന്ന് പദ്ധതി പ്രഖ്യാപിച്ചു പോയ കമ്പനികളേറെയുണ്ട്. കിട്ടിയ അവസരം തങ്ങളുടെ കമ്പനിക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള വേദിയാക്കി മാറ്റിയവരും കുറവല്ലായിരുന്നു.

ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുമ്പോള്‍ പോലും ഇത്തരത്തില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഇന്‍വെസ്റ്റ് കേരളയില്‍ ഉണ്ടായില്ല. വന്നതെല്ലാം സേവന മേഖലയിലോ ടൂറിസം രംഗത്തോ ഉള്ള നിക്ഷേപ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. 500 മുതല്‍ 1,000 പേര്‍ക്ക് വരെ നേരിട്ട് തൊഴില്‍ നല്‍കുന്ന കയറ്റുനതി സാധ്യതയുള്ള വ്യവസായങ്ങളാണ് കേരളത്തിന് ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT