Image Courtesy: Canva 
News & Views

ഐഫോൺ 16 പ്രോയ്ക്ക് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത; തമിഴ്നാട്ടില്‍ ഉല്‍പ്പാദനം തുടങ്ങുന്നു

സ്മാർട്ട്ഫോണുകൾ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ചെലവില്‍ 10 ശതമാനം ലാഭം കമ്പനിക്കുണ്ടാകും

Dhanam News Desk

ഐഫോണിന്റെ ഏറ്റവും പുതിയ പ്രീമിയം ഫോണുകളായ ഐഫോൺ 16 സീരീസ് വിപണിയില്‍ ഏതാനും ആഴ്ചകള്‍ക്കകം അവതരിപ്പിക്കാനിരിക്കുകയാണ്. ആകര്‍ഷകമായ സവിശേഷകളും ഒട്ടേറെ പ്രത്യേകതകളുമായാണ് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് ഫോണുകള്‍ കമ്പനി അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തുന്നത്.

തമിഴ്നാട്ടിലെ ഫാക്ടറിയില്‍ ഫോണ്‍ നിര്‍മിക്കും

ഐഫോൺ 16 പ്രോ ഇന്ത്യയിലും നിര്‍മിക്കാനാണ് ആപ്പിളിന് പദ്ധതിയുളളത്. ആപ്പിളിനായി ഐഫോൺ നിർമിക്കുന്ന തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ തമിഴ്നാട്ടിലെ ഫാക്ടറിയില്‍ 16 പ്രോ ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ മാനദണ്ഡങ്ങൾ പാലിച്ചുളള ഉൽപ്പാദന പ്രക്രിയ നടപ്പാക്കുന്നതിനായി ജീവനക്കാര്‍ക്ക് പരിശീലനം നൽകി വരികയാണ്.

ഐഫോണ്‍ 16 പ്രോ ആഗോള തലത്തില്‍ സെപ്റ്റംബർ 10 ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷം ഈ ഫോണുകള്‍ ഇന്ത്യയിലും അസംബിള്‍ ചെയ്യുന്ന കാര്യം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കുന്നതാണ്. ഇതോടെ ചൈനയ്ക്ക് പുറത്ത് പ്രീമിയം ഐഫോൺ മോഡലുകള്‍ നിർമ്മിക്കുന്ന ആദ്യ സംരംഭമായി ഇതു മാറും.

ഈ സ്മാർട്ട്‌ഫോണുകളുടെ ഉല്‍പ്പാദനം ഇന്ത്യയിലും നടന്നാല്‍ വിലയും കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇറക്കുമതി തീരുവ ഉളളതിനാല്‍ ആപ്പിള്‍ പ്രീമിയം ഫോണുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വന്നിരുന്നത്.

ഈ സ്മാർട്ട്ഫോണുകൾ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതിലൂടെ നിര്‍മാണ ചെലവില്‍ 10 ശതമാനം ലാഭം കമ്പനിക്കുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതു ഫോണുകളുടെ വിലയിലും പ്രതിഫലിക്കാനുളള സാധ്യതകളുണ്ട്.

ഫോണില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ക്യാമറയില്‍ വന്‍ മാറ്റങ്ങളുമായാണ് ഐഫോണ്‍ 16 പ്രോ മാക്‌സ് എത്തുക. വൈഡ് ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ പുതിയ 48 എം.പി സെന്‍സറായിരിക്കും ഫോണിനുണ്ടാകുകയെന്ന് കരുതുന്നു. ഗെയിമിംഗിന് ഉതകുന്ന രീതിയില്‍ വലിയ ഡിസ്‌പ്ലേ, ഉയര്‍ന്ന ബാറ്ററി ശേഷി, എ18 പ്രോ ചിപ്‌സെറ്റ് തുടങ്ങിയവ അടക്കം മികച്ച സവിശേഷതകളുമായാണ് പ്രോ മാക്‌സ് എത്തുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT