News & Views

ഐ.പി.എല്‍ സ്പോണ്‍സര്‍ഷിപ് ചൈനീസ് കമ്പനികള്‍ക്ക് തന്നെ; പ്രതിഷേധം കത്തിപ്പടരുന്നു

Dhanam News Desk

ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട്  ആഹ്വാനം ചെയ്തിട്ട് ഐ പി എല്‍ ക്രിക്കറ്റിന് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയെ തന്നെ മുഖ്യ സ്പോണ്‍സറാക്കിയെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ ശക്തം.

ചൈനയ്ക്ക് നമ്മോട് ബഹുമാനമില്ലാത്തതിന് മറ്റ് കാരണങ്ങള്‍ തേടേണ്ട - ചൈനീസ് സ്പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളള രേഖപ്പെടുത്തി.

വിവോ ഉള്‍പ്പടെയുള്ള എല്ലാ സ്പോണ്‍സര്‍മാരെയും നിലനിര്‍ത്താനാണ് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചത്. ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ എന്ന നിലയില്‍ 440 കോടി രൂപയാണ് വിവോ എല്ലാ വര്‍ഷവും ഐപിഎല്ലിന് കൈമാറുന്നത്. അഞ്ച് വര്‍ഷത്തെ ഈ കരാര്‍ 2022ലാണ് അവസാനിക്കുക. കൊവിഡ് മഹാമാരിക്കിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബിസിസിഐക്ക് വെല്ലുവിളിയായിരുന്നു. ഇതിനാലാണ്  ബി.സി.സി.ഐ/ ഐ.പി.എല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ വമ്പന്‍ ചൈനീസ് കമ്പനികളെ ഉള്‍പ്പടെ എല്ലാ സ്പോണ്‍സര്‍മാരെയും നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഐ പി എല്‍ ബഹിഷ്‌കരണ ആഹ്വാനവുമായും ചില ഗ്രൂപ്പുകള്‍ രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ ചൈനീസ് നിര്‍മ്മിത ടിവികള്‍ തകര്‍ത്ത മണ്ടന്മാരെ ഓര്‍ത്ത് സങ്കടമുണ്ട്.- ഒമര്‍ അബ്ദുളള ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് സ്പോണ്‍സര്‍ഷിപ്പും പരസ്യവുമില്ലാതെ മുന്നോട്ട് പോകാന്‍ അവര്‍ക്കാകില്ലെന്ന അവസ്ഥയുണ്ടെന്ന് സംശയിക്കുന്നതായും ഒമര്‍ പറയുന്നു.

ഐപിഎല്‍ പതിമൂന്നാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് നടക്കുക. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവയാണ് ഇത്തവണ വേദികള്‍. ഫൈനല്‍ ഞായറാഴ്ച നടക്കാത്ത ആദ്യ സീസണ്‍ ആവും ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT